KeralaNews

ഓണാഘോഷം വീടുകളിൽമാത്രമാക്കണം, നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽമാത്രമാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്‌സ് അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

ഹാളുകൾ, റോഡുകൾ, മൈതാനങ്ങൾ തുടങ്ങിയിടങ്ങളിൽ ഒരുതരത്തിലുള്ള ഓണാഘോഷവും നടക്കുന്നില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷനുകൾ ഉറപ്പാക്കണം. വിർച്വൽ പ്ലാറ്റ്‌ഫോമുകളിൽ കലാപരിപാടികൾ പ്രോത്സാഹിപ്പിക്കണം. കല്യാണങ്ങൾ മറ്റു ചടങ്ങുകൾ എന്നിവ ബന്ധുമിത്രാദികൾ കാണുന്നതിനായി വിർച്വൽ പ്ലാറ്റ്‌ഫോമുകളിൽ നടത്താൻ അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളെ പ്രേരിപ്പിക്കണം. മരണാനന്തര ചടങ്ങുകളിൽ സാമൂഹിക അകലവും നിഷ്‌കർഷിക്കപ്പെട്ട എണ്ണം ആളുകളും മാത്രം പങ്കെടുക്കണം. വഴിയോര കച്ചവടക്കാർ, മത്സ്യവ്യാപാരികൾ, ലഘുഭക്ഷണ ശാലകൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

രോഗവ്യാപനം തടയുന്നതിനായി റസിഡന്റ്‌സ് അസോസിയേഷനുകൾക്കായി കളക്ടർ പ്രത്യേക മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ റസിഡന്റ്‌സ് അസോസിയേഷനുകളും 60 വയസിനു താഴെയുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പൊതുജനാരോഗ്യ സേന രൂപീകരിക്കണം. സ്ഥലവാസികളായ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഉപദേശവും സഹായവും ഇതിനായി തേടാം. അസോസിയേഷൻ ഉൾപ്പെടുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ആലോചിച്ച് പി. എച്ച്‌ .സി മെഡിക്കൽ ഓഫിസർ, വാർഡ് കൗൺസിലർ, വില്ലേജ് ഓഫിസർ, പൊലീസ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന ഉപദേശക സമിതിയും സേനയുടെ ഭാഗമാക്കണം.

വൊളന്റിയർ ലീഡറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പൊതുജനാരോഗ്യ സേന, അസോസിയേഷൻ പരിധിയിലെ ഓരോ 25 – 30 വീടുകൾക്കുംവേണ്ടി റാപ്പിഡ് റെസ്‌പോൺസ് ടീമുകളും രൂപീകരിക്കണം. ഓരോ ടീമിലും മൂന്നു വീതം വൊളന്റിയർമാർ ഉണ്ടായിരിക്കണം.

റസിഡന്റ്‌സ് അസോസിയേഷൻ പരിധിയിൽ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണു സേനയുടെ പ്രധാന ചുമതല. അസോസിയേഷൻ പരിധിയിലേക്കു പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനുമുള്ള കവാടങ്ങളിൽ ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങൾ ഉറപ്പാക്കണം. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കാൻ സർവെയ്‌ലൻസ് ചെക് വാക്ക് നടത്തണം.

താരതമ്യേന ആരോഗ്യം കുറവുള്ള വിഭാഗത്തിൽപ്പെടുന്ന (60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, ജീവിതശൈലി രോഗങ്ങളുള്ളവർ, 10 വയസിനു താഴെയുള്ളവർ) വ്യക്തികളുടെ ലിസ്റ്റ് ആശാ വർക്കർ / അംഗൻവാടി വർക്കർമാരുടെ നേതൃത്വത്തിൽ അതത് ആർ. ടി.ടികൾ ഉണ്ടാക്കണം. ജീവിതശൈലി രോഗങ്ങളുള്ളവർക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. ക്വാറന്റൈനിലും റിവേഴ്‌സ് ക്വാറന്റൈനിലും ഹോം ഐസൊലേഷനിലും കഴിയുന്നവർക്ക് അവശ്യ സാമഗ്രികൾ എത്തിച്ചു നൽകണം. സ്വയം നിരീക്ഷണം നടത്താനാവശ്യമായ പൾസ് ഓക്‌സിമീറ്റർ, ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ വാങ്ങി ആവശ്യക്കാർക്കു നൽകണം. രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിലെത്തിക്കന്നതിനും നടപടി സ്വീകരിക്കണം. തീവ്രരോഗലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭ്യമാക്കണം. ഇക്കൂട്ടർക്കു സാമൂഹിക ദുഷ്‌കീർത്തിയുണ്ടാകാനുള്ള പ്രവൃത്തികളും സേനാംഗങ്ങൾ ചെറുക്കണം. രോഗമുക്തിയുണ്ടാകുന്ന വ്യക്തികളെ ഹൃദയപൂർവം സ്വീകരിച്ച് കോവിഡിനെ അതിജീവിക്കാനുള്ള നിർദേശങ്ങൾ അവരുടെ അനുഭവങ്ങളിലൂടെ അസോസിയേഷൻ അംഗങ്ങളിലെത്തിക്കാൻ വിർച്വൽ കോൺഫറൻസുകൾ നടത്തണമെന്നും കളക്ടർ അഭ്യർഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker