NationalNews

പഴയ ഡീസല്‍-പെട്രോള്‍ വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റാം; ചെലവ് മൂന്ന് ലക്ഷം മുതല്‍

ഡൽഹി:വാഹന ഉടമകൾക്ക് തങ്ങളുടെ പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കിമാറ്റാൻ ഗതാഗതവകുപ്പ് അവസരമൊരുക്കുന്നു. പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇ-വാഹനങ്ങളാക്കി മാറ്റുന്ന ‘റീട്രോഫിറ്റ് സെന്റുകൾ’ (പ്രത്യേക വർക്ഷോപ്പുകൾ) സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. പത്ത് സെന്റുകളാകും സർക്കാർ നഗരത്തിൽ സ്ഥാപിക്കുക.

സാധാരണ വാഹനം ഇ-വാഹനമാക്കി മാറ്റുന്നതിന് പരിശീലനം ലഭിച്ച സാങ്കേതികവിദഗ്ധർ സെന്റുകളിലുണ്ടായിരിക്കും. കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഇൻസ്റ്റാളർ വാഹനത്തിന്റെ ഫിറ്റ്നസ് വിലയിരുത്തുകയും വാഹന ഉടമയോട് ഇക്കാര്യം വിശദീകരിക്കുകയും അവരുടെ രേഖാമൂലമുള്ള സമ്മതം തേടുകയും വേണം. ഉടമകൾക്ക് പഴയ വാഹനവുമായെത്തി ഇ-വാഹനമാക്കി മടങ്ങാം.

വർഷത്തിൽ ഒരിക്കലെങ്കിലും വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് സെന്റുകളിൽനിന്ന് നടത്തിനൽകും. വാഹനത്തിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച രേഖകളും ഉടമ സൂക്ഷിക്കണം. ഔദ്യോഗിക കണക്കുകൾ പ്രകാരം 10 വർഷം പൂർത്തിയാക്കിയ ഒന്നരലക്ഷത്തോളം ഡീസൽ വാഹനങ്ങൾ നഗരത്തിലുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെ എണ്ണം 28 ലക്ഷത്തിലേറെയാണ്.

ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശം അനുസരിച്ച്, 2022 ജനുവരി ഒന്നിന് 10 വർഷം തികയുന്ന എല്ലാ ഡീസൽ വാഹനങ്ങളുടെയും രജിസ്ട്രേഷൻ ഡൽഹി സർക്കാർ റദ്ദാക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനായി അത്തരം വാഹനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഡൽഹി എൻ.സി.ആറിൽ 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും രജിസ്ട്രേഷനും ഓടുന്നതിനുമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് എൻ.ജി.ടി. നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

പഴയ ഡീസൽ, പെട്രോൾ കാറുകളും ഫോർവീലറുകളും ഇ -വാഹനമാക്കാൻ ബാറ്ററി കപ്പാസിറ്റിയും റേഞ്ചും അനുസരിച്ച് മൂന്ന്-അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്ന് ഓട്ടോമൊബൈൽ വിദഗ്ധർ പറഞ്ഞു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ റിട്രോഫിറ്റിങ്ങിന് ചെലവ് കുറവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker