ബാലസോർ: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ കോച്ചുകളിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായി മാറ്റാനായിട്ടില്ലെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതേത്തുടർന്ന് ബോഗികൾ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് നീക്കം.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവകാശികൾക്ക് കൈമാറുന്നതും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ബന്ധുക്കളോ സ്വന്തക്കാരോ തിരിച്ചറിയുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. തിരിച്ചറിയാനാകാതെ പോകുന്ന മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, ബാലസോറിലെ അപകടത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അപകടവുമായി ബന്ധപ്പെട്ട് കുറ്റക്കാരായവർ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ളവരെ സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട വൻ ദുരന്തത്തിൽ മരണം 288 ആയി. 1091 പേർക്ക് പരുക്കേറ്റു. ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന വിവരം.