ദുബായ്: വാര്‍ഷിക ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം. മെയ് 2020 മുതല്‍ മെയ് 2022 വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ രണ്ടാംസ്ഥാനത്തേക്ക് ചേക്കേറിയതാണ് റാങ്കിംഗിലെ മറ്റൊരു പ്രത്യേകത.
118 റേറ്റിംഗ് പോയിന്‍റുകളുമായാണ് ഓസ്ട്രേലിയ തലപ്പത്ത് നില്‍ക്കുന്നത്. രണ്ട് പോയിന്‍റ് പിന്നിലായി പാകിസ്ഥാന്‍(116) രണ്ടാമത് നില്‍ക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ 4-0ന്‍റെ ലീഡ് നേടിയതോടെ പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്‌ച ഏകദിന റാങ്കിംഗില്‍ തലപ്പത്ത് എത്തിയിരുന്നു. എന്നാല്‍ അവസാന മത്സരം തോറ്റതോടെ ഓസീസ് വീണ്ടും തലപ്പത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
5-0ന് പരമ്പര ജയിച്ചിരുന്നെങ്കില്‍ വാര്‍ഷിക റാങ്കിംഗില്‍ പാകിസ്ഥാന് ഒന്നാമത് തുടരാമായിരുന്നു. പാകിസ്ഥാനോട് ഒരു റേറ്റിംഗ് പോയിന്‍റ് കുറവുള്ള ടീം ഇന്ത്യ(115) മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു. 104 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് നാലും 101 റേറ്റിംഗ് പോയിന്‍റുള്ള ഇംഗ്ലണ്ട് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും ഇത്രതന്നെ പോയിന്‍റാണുള്ളത്.
97 റേറ്റിംഗ് പോയിന്‍റോടെ ബംഗ്ലാദേശ് ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ മറികടന്ന് അഫ്‌ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്ത് എത്തിയതും പുതുക്കിയ വാര്‍ഷിക റാങ്കിംഗില്‍ ശ്രദ്ധേയമാണ്. റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.
ഈ മാസാദ്യം പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയോട് ഓസീസ് കൈവിട്ടിരുന്നു. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ടെസ്റ്റിന് പുറമെ ട്വന്‍റി 20യിലും ഇന്ത്യയാണ് തലപ്പത്ത്.