തിരുവല്ല: കേരളക്കര രണ്ടു ദിവസമായി കേട്ടുകൊണ്ടിരിക്കുന്നത് കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തകളാണ്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് നാലു യുവതികളാണ് രണ്ടു ദിവസത്തിനിടെ ജീവനൊടുക്കിയത്. ഇതിനിടെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്.
തിരുവല്ല മേപ്രാലിലെ ശാരിമോള്‍ എന്ന യുവതി ജീവനൊടുക്കാന്‍ കാരണം പണം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമായിരുന്നെന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ രോപണം.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കുകയും വീട്ടിലെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വിഷക്കായ കഴിച്ചത്. 2021 മാര്‍ച്ച് 30ന് വിഷക്കായ കഴിച്ച് അവശനിലയിലായ ശാരിമോള്‍ 31ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
തിരുവല്ല മേപ്രാല്‍ സ്വദേശിനി സി.എസ് ശാരിമോളുടെ ഒരു വര്‍ഷവും നാലുമാസവും നീണ്ട ദാമ്പത്യം ദുരന്തമായി അവസാനിച്ചത് പണത്തെ ചൊല്ലിയുള്ള ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ദുരാഗ്രഹത്തെ തുടര്‍ന്നാണ്. ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്നു 30 വയസുകാരിയായ ശാരിമോള്‍. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്റൈനിലേക്ക് ജോലിക്കായി പോയി.
2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയിരുന്നു. വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനേയും പിതാവിനേയും മര്‍ദിച്ചതായും കുടുംബം പറയുന്നു. ഈ സംഘര്‍ഷത്തിന് പിന്നാലെയാണ് ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികില്‍സയിലിരിക്കെ 31ന് മരിച്ചു.
ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകള്‍ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവര്‍ ആരോപിക്കുന്നു. സ്വര്‍ണം പണയം വച്ച് പണം എടുക്കാന്‍ ശാരിമോള്‍ തയാറായിട്ടും ഭര്‍ത്താവും വീട്ടുകാരും അതിന് തയാറായില്ലെന്നാണ് ഇവരുടെ ആരോപണം. കടംവാങ്ങിയാണ് വിവാഹം നടത്തിയത്. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു മകളുടെ സമ്പാദ്യം കവരാന്‍ ഭര്‍ത്താവും വീട്ടുകാരും ശ്രമിച്ചത്. ജില്ലാ പോലീസ് മേധാവിക്കടക്കം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.