അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; ഭര്‍ത്താവിനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കോവളത്ത് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇതിനെത്തുടര്‍ന്ന് സുരേഷിനെ വിഴിഞ്ഞം പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിഴിഞ്ഞം-തിരുവനന്തപുരം റോഡില്‍ മൃതദേഹവുമായാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് റോഡിന് കുറുകെ ഇട്ടായിരുന്നു ഉപരോധം നടന്നത്. തുടര്‍ന്ന് കോവളം എം.എല്‍.എ എം.വിന്‍സന്റ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോടും പോലീസിനോടും സംസാരിച്ചു.

ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. വെങ്ങാനൂര്‍ ചിറത്തല വിളാകത്ത് അര്‍ച്ചനയില്‍ അശോകന്‍-മോളി ദമ്പതികളുടെ ഏക മകള്‍ അര്‍ച്ചനയെയാണ് (24) ചൊവ്വാഴ്ച രാത്രി 11.30ഓടെ പയറ്റുവിളയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News