കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിലെ (Child Murder) പ്രതി ജോൺ ബിനോയി ഡിക്രൂസ് തന്‍റെ വളർത്തുമകനെന്ന് അമ്മ ഇംതിയാസ്. സ്ഥിരം ശല്യക്കാരനായതിനാൽ വീട്ടിൽ വരരുതെന്ന് വിലക്കിയിരുന്നു. ഇതിനിടെ നോറയുടെ സംസ്കാരത്തിന് പിന്നാലെ പിതാവ് സജീവിനെ നാട്ടുകാർ മർദിച്ചു. ഇയാൾ സംരക്ഷിക്കാതിരുന്നതിനാലാണ് കുട്ടികളെ മുത്തശിക്കൊപ്പം വിട്ടതെന്ന് നോറയുടെ അമ്മ ഡിക്സി പറഞ്ഞു. ശിശുക്ഷേമ സമിതിക്കെതിരെ ആരോപണവുമായി കുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
14 ദിവസം പ്രായമുളളപ്പോൾ താൻ ദത്തെടുത്ത മകനാണ് കൊലപാതകിയായി മുന്നിലെത്തിയാതെന്നാണ് ഇംതിയാസ് പറയുന്നത്. വീട്ടിൽ വലിയ സ്വൈര്യക്കേടായിരുന്നു. ശല്യം കൂടിയതോടെ പരാതിയും നൽകി. വീട്ടിൽ കയറരുതെന്ന് തഹസിൽദാർ ഉത്തരവിട്ടു. നോറയുടെ മുത്തശിയുമായുളള അടുപ്പം താൻ വിലക്കിയിരുന്നു. നോറയുടെ കറുകുറ്റിയിലെ സംസ്കാരത്തിന് പിന്നാലെയാണ് പിതാവ് സജീവ് ഭാര്യ ഡിക്സിയുടെ അങ്കമാലിയിലെ വീട്ടിലെത്തിയത്. അമിത വേഗതയിൽ വാഹനം ഓടിച്ചുകയറ്റിയ സജീവിനെ നാട്ടുകാർ തടഞ്ഞുവെച്ചു. വാക്കേറ്റം ഒടുവിൽ കയ്യാങ്കളിയിലെത്തി. എന്നാൽ സജീവ് കുട്ടികളെ സംരക്ഷിക്കാതിരുന്നതിനാലാണ് ജോലി തേടി തനിക്ക് വിദേശത്തേക്ക് പോകേണ്ടിവന്നതെന്ന് ഡിക്സി പറഞ്ഞു.
കുഞ്ഞുങ്ങളെ പിതാവ് സജീവും മുത്തശിയും പീഡിപ്പിക്കുന്നതിനെപ്പറ്റി ശിശുക്ഷേമ സമിതിയ്ക്ക് പരാതി നൽകിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. അമ്മ ഡിക്സി ഗൾഫിൽ നിന്ന് മടങ്ങിവന്ന ശേഷം പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നാണ് ശിശുക്ഷേമ സമിതി വിശദീകരണം.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.
എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.