മദ്യപിച്ച് ലക്കുകെട്ട് മരണവീട്ടിലെത്തി, അമ്മൂമ്മയുടെ കാമുകൻ കൊലപ്പെടുത്തിയ ഒന്നര വയസുകാരിയുടെ അഛനെ പഞ്ഞിക്കിട്ട് നാട്ടുകാർ, കാറും അടിച്ചു തകർത്തു
അങ്കമാലി:കൊച്ചിയിലെ സ്വകാര്യ ലോഡ്ജിൽ വച്ച് മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മർദ്ദനമേറ്റു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മർദ്ദനമേറ്റത്. കൊല്ലപ്പെട്ട നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ കൊച്ചി കറുകുറ്റി പള്ളിയിൽ വച്ച് നടന്നിരുന്നു. ഇതിന് ശേഷം രാത്രി ഏഴരയോടെയാണ് ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തിയത്.
അമിത വേഗത്തിൽ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടയുകയും അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കേറ്റിയിരുത്തിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സജീവ് എത്തിയ കാറിൻ്റെ ചില്ല് നാട്ടുകാർ അടിച്ചു പൊളിച്ചു.
നേരത്തെ നോറ മരിയയുടെ സംസ്കാരം വൈകിട്ട് അഞ്ചരയോടെ എറണാകുളം കറുകുറ്റി പള്ളിയിൽ വച്ചു നടന്നു. മകളുടെ മരണവാർത്തയറിഞ്ഞ് ഡിക്സി വിദേശത്ത് നിന്നും എത്തിയിരുന്നു. സജീവിൻ്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാല് വയസുകാരൻ മകനെ ഡിക്സിക്കും കുടുംബത്തിനും ഒപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.
കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകൾ നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്. അമ്മൂമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി.
എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച് കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.