ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ പിസയ്ക്കു പകരം നോണ്‍വെജിറ്റേറിയന്‍ പിസ നല്‍കി സ്ഥാപനത്തിനെതിരെ നഷ്ടപരിഹാരം തേടി യുവതി കോടതിയില്‍. ഡല്‍ഹി സ്വദേശിനിയായ ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.
2019 മാര്‍ച്ച് 21നാണ് സംഭവം നടന്നത്. അമേരിക്കന്‍ പിസ ഔട്ട്‌ലെറ്റിലാണ് ഇവര്‍ വെജിറ്റേറിന്‍ പിസയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ നോണ്‍ വെജ് പിസയാണ് യുവതിക്ക് ലഭിച്ചത്. കഴിച്ചു കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ലഭിച്ചത് നോണ്‍ വെജ് പിസയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്.
പരാതി അറിഞ്ഞ പിസ ഔട്ട്ലെറ്റ് അധികൃതര്‍ ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. എന്നാല്‍ തന്റെ മത ആചാരം ലംഘിക്കപ്പെട്ടുവെന്ന കാരണമാണ് യുവതി പറയുന്നത്.
മാംസ ഭക്ഷണം കഴിച്ചതിന്റെ ദോഷം തീര്‍ക്കാന്‍ നിരവധി പൂജകള്‍ ചെയ്യേണ്ടി വന്നുവെന്നും അതിന് ലക്ഷങ്ങള്‍ ചിലവായെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറിംഗ്.