FeaturedHome-bannerKeralaNews

ലീഗ് ആവശ്യം തളളി കോൺഗ്രസ്, ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റിന് പരിഗണിക്കാം, ആലോചിച്ച് മറുപടിയെന്ന് ലീഗ്

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്. ലോക്സഭാ സീറ്റ് നൽകാനാകില്ലെന്ന് അറിയിച്ച കോൺഗ്രസ് രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിൽ മുന്നോട്ട് വെച്ചു. നിർദ്ദേശത്തിൽ ആലോചിച്ച് മറുപടി പറയാമെന്ന് ലീഗും മറുപടി നൽകി.

27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ലെന്നാണ് സൂചന. എന്നിരുന്നാലും പോസിറ്റീവ് എന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ലീഗിനായി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ, പി എം എ സലാം, കെ പി എ മജീദ് എന്നിവർ പങ്കെടുത്തു. കോൺഗ്രസിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വേണമെന്നതാണ് ലീഗിന്‍റെ ആവശ്യം. എന്നാൽ ഇതിനോട് അനുഭാവ പൂർണമായ നിലപാടല്ല സംസ്ഥാന കോൺഗ്രസ് നേതൃത്വം തുടക്കം മുതലേ സ്വീകരിച്ചത്. കോൺഗ്രസിന്റെ ഈ മനോഭാവമാണ് ലീഗിനെ കൂടുതൽ ചൊടിപ്പിച്ചത്.

ഇതോടെ മൂന്നാം സീറ്റെന്ന ആവശ്യം ലീഗ് കടുപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ലീഗിനെ അധികം പിണക്കാതെയുളള ഫോർമുലയെന്ന നിലയിലാണ് രാജ്യസഭാ സീറ്റെന്ന വാഗ്ദാനം കോൺഗ്രസ് മുന്നോട്ട് വെച്ചത്. ഇതിൽ ലീഗ് വഴങ്ങിയാൽ മുന്നണിയിലെ തർക്കം ഇവിടെ അവസാനിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button