News

വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ്-19 കുത്തിവെപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ വാക്സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു.

വികലാംഗര്‍ക്ക് വീടുതോറുമുള്ള കോവിഡ് -19 വാക്സിനേഷന്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ എവാര ഫൗണ്ടേഷന്റെ ഹരജിക്ക് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പകര്‍ച്ചവ്യാധിയുടെ സാഹചര്യം കണക്കിലെടുത്ത് കൊവിഡ് 19നുള്ള വാക്സിനേഷന്‍ വലിയ പൊതുതാല്‍പ്പര്യമുള്ളതാണെന്ന് മനസിലാക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാറും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്തിയുടെ സമ്മതം വാങ്ങാതെ നിര്‍ബന്ധിത വാക്സിനേഷന്‍ നടത്തണമെന്ന് പറയുന്നില്ലെന്നും കേന്ദ്രം സുപ്രീകോടതിയില്‍ പറഞ്ഞു.
എല്ലാ പൗരന്മാരും വാക്സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കൃത്യമായി നിര്‍ദേശിക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നുവെന്നും അത് സുഗമമാക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും സ്വീകരിച്ചെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം, ഇന്ത്യ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10ല്‍ ഏഴുപേര്‍ക്കും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2,71,202 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരുന്നു. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3,71,22,164 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button