തൃശൂര്‍: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.
പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു, കേന്ദ്ര നേതാക്കൾ പറഞ്ഞാൽ എനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി.
സംസ്ഥാനത്ത് നിലവില്ഡ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയില്‍ ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു.
താൻ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അങ്ങനെയെങ്കിലും ജനങ്ങള്‍ക്ക് അരി നല്‍കട്ടെ എന്നായിരുന്നു പ്രതികരണം.
നിലവില്‍ സപ്ലൈക്കോ വഴി സബ്‍സിഡിയായി കിട്ടിയിരുന്ന 10 കിലേ അരിയില്‍ അഞ്ച് കിലോ അരി പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വില്‍ക്കുകയാണ്. ഇതിന്‍റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
ബിജെപി പ്രവേശത്തിന് മുമ്പ് തനിക്ക് എല്‍ഡിഎഫില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു എന്ന് പത്മജ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് പ്രവേശത്തിന് പത്മജയ്ക്ക് ഇടനിലക്കാരനായത് താനാണെന്ന അവകാശവാദവുമായി ടിജി നന്ദകുമാറും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്ക് പത്മജയെ ആരും ക്ഷണിച്ചതല്ല, പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്.