NationalNews

രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നിയമമായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഏകസിവില്‍ കോഡ് നിയമമായി. ഇതോടെ രാജ്യത്തുതന്നെ ആദ്യമായി ഏകസിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. പുതിയ നിയമം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കുക എന്നത് മാത്രമാണ് ഇനി സംസ്ഥാന സര്‍ക്കാരിന് ചെയ്യാനുള്ളത്.

ഏകസിവില്‍ കോഡ് സംബന്ധിച്ച് ബില്ല് ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയിരുന്നു. പിന്നാലെ ഫെബ്രുവരി 28-ന് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. കണ്‍കറന്‍റ് ലിസ്റ്റില്‍ ഉള്ളതുകൊണ്ടാണ് ബില്ല് രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ടിവന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ബില്ലിന് അംഗീകാരം നല്‍കിക്കൊണ്ട് രാഷ്ട്രപതി ഭവനില്‍നിന്നുള്ള അറിയിപ്പ് പുറത്തുവന്നത്.

വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബില്‍. ഭരണഘടന ഉറപ്പാക്കുന്ന, ആദിവാസികളുടെ എല്ലാ ആചാരാവകാശങ്ങളും ബില്ലില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസ് നിയന്ത്രണത്തിലായിരുന്ന കാലംമുതല്‍ ഗോവയില്‍ ഏകസിവില്‍കോഡ് നിലവിലുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം ഒരു നിയമസഭയില്‍ ഇത്തരമൊരു ബില്‍ പാസാക്കുന്നത് ആദ്യമാണ്.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍;

  • സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും
  • ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിതപങ്കാളികളും രജിസ്റ്റര്‍ചെയ്യണം. ഇവരിലൊരാള്‍ മൈനറായാല്‍ രജിസ്ട്രേഷന്‍ പറ്റില്ല
  • പങ്കാളികളിലൊരാളുടെ പ്രായം 21 വയസ്സില്‍ കുറവാണെങ്കില്‍ രക്ഷിതാക്കളെ രജിസ്ട്രാര്‍ വിവരമറിയിക്കണം.
  • പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാര്‍ഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെപ്പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും രജിസ്ട്രേഷന്‍ അനുവദിക്കില്ല
  • സാക്ഷ്യപത്രം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ
  • രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ
  • ലിവ് ഇന്‍ റിലേഷനിലുള്ള പുരുഷപങ്കാളിയാല്‍ സ്ത്രീപങ്കാളി വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം പുരുഷപങ്കാളി നല്‍കണം. അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.

ബില്ല് രാഷ്ട്രപതി അംഗീകരിച്ചതില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്തോഷം പങ്കുവെച്ചു. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദിപറയുന്നെന്നും ധാമി ബില്ല് നിയമസഭയില്‍ പാസായ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker