ഇസ്ലാമാബാദ്:സീരിയല്‍ അടക്കം ടെലിവിഷന്‍ പരിപാടികളില്‍ ആലിംഗനം പാടില്ലെന്ന് നിര്‍ദേശം. ടിവി ചാനലുകളുടെ അടക്കം ഉള്ളടക്കം പരിശോധിക്കുന്ന പാകിസ്ഥാനിലെ സര്‍ക്കാര്‍ സംവിധാനമായ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി (PEMRA) യാണ് ഇത്തരം ഒരു നിര്‍ദേശം ചാനലുകള്‍ക്ക് നല്‍കിയത്.
ഇത്തരം രംഗങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെന്നും അതോററ്ററി പറയുന്നു. ആലിംഗനത്തിന് പുറമേ ‘ശരിയല്ലാത്ത വസ്ത്രധാരണം’, ‘തലോടല്‍’, ‘കിടപ്പുമുറിയിലെ രംഗങ്ങള്‍’ എന്നിവയെല്ലാം കാണിക്കാതിരിക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്.
നേരത്തെ തന്നെ ഇത്തരത്തില്‍ ചില നിര്‍ദേശങ്ങള്‍ ഇറക്കിയതിന്‍റെ തുടര്‍ നടപടിയാണ് പുതിയ നിര്‍ദേശം എന്നാണ് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി പറയുന്നത്. ഇതിന് പുറമേ പുതിയ ഉത്തരവില്‍ വിശദീകരണവും പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോററ്ററി നടത്തുന്നുണ്ട്. ‘പരാതികള്‍ മാത്രമല്ല, പാക് സമൂഹത്തിലെ വലിയൊരു വിഭാഗം ഇത്തരം രംഗങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റെ യഥാര്‍ത്ഥ ചിത്രമല്ല കാണിക്കുന്നതെന്ന അഭിപ്രായക്കാരാണ്. ആലിംഗനങ്ങളും, മോശമായ വസ്ത്രങ്ങളും, ചുംബന കിടപ്പറ രംഗങ്ങളും വളരെ ഗ്ലാമറായി ചിത്രീകരിക്കുന്നത് ഇസ്ലാമിക പഠനത്തിനും, പാകിസ്ഥാന്‍ സമൂഹത്തിന്‍റെ സംസ്കാരത്തിനും എതിരാണ്’ – ഇവര്‍ വ്യക്തമാക്കുന്നു.
PEMRA finally got something right:
Intimacy and affection between married couples isn’t “true depiction of Pakistani society” and must not be “glamourised”
Our “culture” is control, abuse and violence, which we must jealously guard against imposition of such alien values pic.twitter.com/MJQekyT1nH
— Reema Omer (@reema_omer) October 22, 2021
അതേ സമയം പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് എതിര്‍ത്തും അനുകൂലിച്ചും വലിയ ചര്‍ച്ച നടക്കുന്നുവെന്നാണ് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല മത സംഘടന നേതാക്കളും ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. യുവാക്കളില്‍ നിന്ന് അടക്കം ഒരു വിഭാഗം ഇതിനെതിരെയും രംഗത്തുണ്ട്.