FeaturedHome-bannerKeralaNews

ബിനീഷിനെതിരെ തെളിവില്ല’; സംശയത്തിന്റെ മറവില്‍ ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി

കൊച്ചി:ലഹരിക്കടത്ത് കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയല്ല. സംശയം വെച്ച് ഒരാളെ കുറ്റവാളിയാക്കാന്‍ കഴിയില്ലെന്നും ബിനീഷിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി.

ജാമ്യം നല്‍കി കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെയാണ് ഹൈക്കോടതി പരസ്യപ്പെടുത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്.

എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസം കൂടി ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് പേര്‍ അവസാനനിമിഷം പിന്‍മാറിയതോടെയാണ് ബിനീഷിന്റെ ജയില്‍മോചനം രണ്ടുദിവസം കൂടി നീണ്ടത്.
2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം.

ചോദ്യം ചെയ്യലില്‍ ബിനീഷിന്റെ പേര് ഇവര്‍ പറഞ്ഞതോടെയാണ് 2020 ഒക്ടോബര്‍ മാസത്തില്‍ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്. അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇഡി അവകാശപ്പെട്ടിരുന്നു. 2020 നവംബര്‍ 11ന് രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചായിരുന്നു ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.

സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തതെന്നും ബിനീഷ് പറഞ്ഞു. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും, കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു ബിനീഷിന്റെ വാദങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker