ന്യൂഡൽഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേൽപ്പിച്ച് ബിഹാറിലെ മഹാസഖ്യം വിടാനൊരുങ്ങി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ.
ഒന്നരവർഷംമുമ്പ് വിട്ടിറങ്ങിയ എൻ.ഡി.എ.യിൽ തിരിച്ചെത്താൻ തയ്യാറെടുക്കുന്ന നിതീഷ് ഞായറാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും. രാവിലെ നിയമസഭാ കക്ഷിയോഗം ചേർന്ന ശേഷമാകും ഗവർണർക്ക് രാജി സമർപ്പിക്കുകയെന്നാണ് സൂചന.
ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞയുമുണ്ടായേക്കും. എന്നാൽ, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല. അതേസമയം, ഇക്കുറി ബി.ജെ.പി.യുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
ശനിയാഴ്ച വൈകീട്ട് പട്നയിൽ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആർ.ജെ.ഡി., ജെ.ഡി.യു. നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കൾ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.