ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതി സ്വന്തമാക്കി ഐഐടി മദ്രാസ്. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷനും (എൻബിഎ) നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കും (എൻഐആർഎഫ്) ചേർന്ന് നടത്തിയ റാങ്കിംഗിലാണ് ഐഐടി മദ്രാസ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വിഭാഗത്തിൽ കോഴിക്കോട് ഐഐഎം മൂന്നാം സ്ഥാനം കരസ്ഥമാക്കി എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗവേഷണ വിഭാഗത്തിനുള്ള മികച്ച സ്ഥാപനമായി ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസും തിരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലകളുടെ വിഭാഗത്തിൽ ഐഐഎസ്‌സി ബെംഗളൂരു ഒന്നാം റാങ്ക് നേടി, ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു), ജാമിയ മില്ലിയ ഇസ്‌ലാമിയ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മെഡിക്കൽ വിഭാഗത്തിൽ ഡൽഹി എയിംസാണ് മുന്നിൽ, രണ്ടാം സ്ഥാനത്ത് പിജിഐഎംഇആർ ചണ്ഡീഗഡ് ആണ്. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, എൻഐഎംഎച്ച്എൻഎസ് ബെംഗളൂരു, ജിപ്‌മെർ പുതുച്ചേരി എന്നിവയാണ് ഇതിന് തൊട്ടുപിന്നിലുള്ളത്. കോളേജുകളുടെ വിഭാഗത്തിൽ രാജ്യത്തെ ഏറ്റവും മികച്ചത് ഡൽഹി ഹിന്ദു കോളേജ് ആണ്.
മിറാൻഡ ഹൗസ്, ഡൽഹി, സെന്റ് സ്‌റ്റീഫൻസ് കോളേജ്, ഡൽഹി എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങളിൽ. രാജ്യ തലസ്ഥാനത്തെ കോളേജുകൾ തന്നെയാണ് പട്ടികയിൽ മുൻപിലുള്ളതെന്ന് ചുരുക്കം. സംസ്ഥാന സർവകലാശാലകളുടെ കാര്യത്തിൽ അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈയാണ് ഒന്നാമത് എത്തിയത്. ജാദവ്പൂർ യൂണിവേഴ്‌സിറ്റി, കൊൽക്കത്ത, സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റി, പൂനെ എന്നിവ തൊട്ടടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കി.
കേരളത്തിൽ നിന്ന് രണ്ട് സർവകലാശാലകൾ ആദ്യ പത്തിൽ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേരള സർവകലാശാല ഒൻപതാം സ്ഥാനത്താണ് പട്ടികയിൽ ഇടം നേടിയത്. ഇതിന് പുറമെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കുസാറ്റ് (കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) പട്ടികയിൽ പത്താം സ്ഥാനത്ത് എത്തുകയുമുണ്ടായി.
ഇത് കൂടാതെ കേരളത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത് കോഴിക്കോട് എൻഐടിയാണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ കോഴിക്കോട് എൻഐടി മൂന്നാം സ്ഥാനം നേടി. ഈ പട്ടികയിൽ ഒന്നാമത് ഐഐടി റൂർക്കിയും രണ്ടാമത് ഐഐടി ഗരഖ്പൂരുമാണ്. കൂടാതെ നിയമ പഠന സ്ഥാപനങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.
നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി ബെംഗളൂരു ഒന്നാമതും, നാഷണൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി രണ്ടാമതും, നൽസർ യൂണിവേഴ്‌സിറ്റി ഓഫ് ലോ ഹൈദരാബാദ് മൂന്നാമതുമെത്തി. ഓപ്പൺ യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഇഗ്നോയ്ക്ക് തന്നെയാണ്, രണ്ടാമത് നേതാജി സുഭാഷ് ഓപ്പൺ യൂണിവേഴ്‌സിറ്റി കൊൽക്കത്തയും, മൂന്നാമത് ഡോ. ബാബാസാഹേബ് അംബേദ്‌കർ ഓപ്പൺ യൂണിവേഴ്‌സിറ്റി അഹമ്മദാബാദും എത്തി.