ന്യൂഡൽഹി:കോവിഷീൽഡിന് അംഗീകാരവുമായി ഒൻപത് യൂറോപ്യൻ രാജ്യങ്ങൾ. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് തീരുമാനം. ഓസ്ട്രിയ, ജർമനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലൻഡ്, അയർലൻഡ്, സ്‌പെയിൻ എന്നീ യൂറോപ്യൻ രാജ്യങ്ങളാണ് കോവിഷീൽഡ് വാക്‌സിനെടുത്തവരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്.
സ്വിറ്റ്‌സർലൻഡും കോവിഷീൽഡ് അംഗീകരിച്ചതായാണ് വിവരം. അതേസമയം, ഇന്ത്യൻ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ച എല്ലാ വാക്‌സിനുകളും തങ്ങളും അംഗീകരിക്കുമെന്ന് എസ്‌തോണിയയും അറിയിച്ചിട്ടുണ്ട്. ഇതിൽ ഏതു വാക്‌സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്നും എസ്‌തോണിയ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഷീൽഡ്, കോവാക്‌സിൻ എന്നീ വാക്‌സിനുകൾ എടുത്ത ഇന്ത്യൻ യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളെ കേന്ദ്രം സമീപിച്ചിരുന്നു. കോവിഡ് മഹാമാരിക്കിടെയുള്ള തുറന്ന സഞ്ചാരത്തിന് സൗകര്യമൊരുക്കുക ലക്ഷ്യമിട്ട് യൂറോപ്യൻ യൂനിയൻ നടപ്പാക്കുന്ന കോവിഡ് സർട്ടിഫിക്കറ്റ്(ഗ്രീൻ പാസ്) ഇന്ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യൻ യാത്രികർക്ക് ആശ്വാസകരമാകുന്ന വിവിധ ഇയു രാജ്യങ്ങളുടെ തീരുമാനം പുറത്തുവന്നത്. വരും ദിവസങ്ങളിൽ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയിലെ അംഗീകൃത വാക്‌സിനുകൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.