ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
‘യെമനിലെ കൊലപാതക കേസില്‍ വധശിക്ഷ നേരിടുന്ന ഇന്ത്യന്‍ പൗരയായ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളുന്നയിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവ തെറ്റാണ്. വൈകാരിക പ്രാധാന്യമുള്ള ഈ വിഷയത്തില്‍ തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും ഒഴിവാക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
യെമെന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നതതല യോഗത്തില്‍ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കർ മുസ്ലിയാർ. ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രതികരണം. ഉന്നതതല യോഗത്തിൽ ആണ് ധാരണ ആയതെന്ന് അദ്ദേഹം വ്യക്താക്കി. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം പറയുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാർത്ത ഇന്നലെയും വന്നിരുന്നു. എന്നാല്‍ പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഷെയർ ചെയ്ത വാർത്ത ഡിലീറ്റ് ചെയ്യുകയായിരുന്നു. വധശിക്ഷ ഒഴിവാക്കി എന്ന വാർത്തയാണ് കാന്തപുരം എക്സിൽ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാർത്ത ഏജൻസിയുടെ വാർത്ത ആണ് ഷെയർ ചെയ്തിരുന്നത്.
ഈ വാർത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. പിന്നീട് വാര്‍ത്ത ശരിയാണെന്നും എന്നാല്‍ അത് ഡിലീറ്റ് ചെയ്തത് ഏജന്‍സിയാണെന്നും കാന്തപുരത്തിന്‍റെ ഓഫീസ് വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതടക്കമുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാന്തപുരത്തിന്‍റെ ഇടപെടലിനെ ചൊല്ലി അവകാശവാദങ്ങളും തർക്കങ്ങളും നടന്നിരുന്നു.