തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടിയാണ് നിഖില. കോവിഡ് ബാധിച്ച് താരത്തിന്റെ അച്ഛൻ കുറച്ചു നാളുകൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. ഈ മരണം ഏല്‍പ്പിച്ച ആഘാതവും ആ നാളുകളില്‍ നേരിട്ട നൊമ്ബരപ്പെടുത്തുന്ന അനുഭവങ്ങളും അഭിമുഖത്തിൽ താരം പങ്കുവെച്ചു.
”കോവിഡ് ബാധിച്ച് അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയായിരുന്നു രോഗം മൂര്‍ച്ഛിച്ച് അച്ഛന്റെ വിയോഗം. കോവിഡ് മരണമായതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല. വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചതുള്‍പ്പെടെ അന്ത്യകര്‍മ്മങ്ങളെല്ലാം നിഖിലയ്ക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അച്ഛന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് താന്‍ കരയാന്‍ പോലും തുടങ്ങിയത്.” -നിഖില പറയുന്നു.
”അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു, ആക്ടിവിസ്റ്റായിരുന്നു. കുറച്ചുകാലം മുന്‍പ് ഒരപകടത്തിനു ശേഷം അച്ഛനു ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്.
അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അവസാനമായി അച്ഛനെ ഒന്ന് കാണാന്‍ കഴിഞ്ഞില്ല. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കോവിഡ് പോസിറ്റീവായി. അച്ഛന് കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയയായി മാറിയിട്ടുണ്ട്. ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്ന്.
പക്ഷേ, ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ തരണം ചെയ്തിട്ടുണ്ടല്ലോ അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ആര്‍ക്കും കയറി കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റേത് കോവിഡ് മരണമായതു കൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍.
മാതമല്ല, കൊവിഡിന്റെ തുടക്ക കാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളുമുണ്ടായിരുന്നു. ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്നങ്ങളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. ആ ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും.
ചെറുപ്പത്തില്‍ വീട്ടില്‍ മരണം കണ്ടപ്പോഴെല്ലാം എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും. പക്ഷേ, അച്ഛനെ കൊണ്ടുവരുമ്പോള്‍ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടില്‍. എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച് അറിയിച്ചത്. പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ല് പോലെയായി. അച്ഛന്‍ മരിച്ച് എട്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ കരയാന്‍ തുടങ്ങിയത്”. നിഖില വേദനയോടെ പറഞ്ഞു