26.3 C
Kottayam
Tuesday, May 7, 2024

കോവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു

Must read

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്റെ കുടുംബം ജീവനൊടുക്കി. ദേവിഭൂമി ദ്വാരക ജില്ലയിലെ ദ്വാരക പട്ടണത്തിലെ രുഖ്മണി നഗറിലെ താമസക്കാരനായ ജയേഷ് ജെയിന്‍ (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അദ്ദേഹത്തെ അടുത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു.

രണ്ടുമണിക്കൂറിനുശേഷം കുടുംബം രാവിലെ ആറുമണിയോടെ വീട്ടിലേക്ക് മടങ്ങി. പാല്‍ക്കാരന്‍ പതിവ് പ്രകാരം രാവിലെ എട്ടരയോടെ അവരുടെ വീട്ടിലെത്തിയപ്പോള്‍ ആരും വാതില്‍ തുറക്കാത്തത് കണ്ട് സംശയം തോന്നി അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ ഡ്രോയിംഗ് റൂമില്‍ കിടക്കുന്നത് കണ്ടത്. ഉടനെ ഇയാള്‍ അയല്‍വാസികളെ വിളിച്ച് പൊലീസില്‍ വിവരം അറിയിച്ചു. സാധ്ന ജെയിന്‍ (57), രണ്ട് മക്കളായ കമലേഷ് (39), ദുര്‍ഗേഷ് (35) എന്നിവരാണ് മരിച്ചത്.

വിഷം കഴിച്ച പാത്രം സമീപത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. ലഘു ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ജയേഷ് ജെയിന്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍, ആരോഗ്യനില വഷളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ‘അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി അതിരാവിലെ വീട്ടിലേക്ക് മടങ്ങിയ അവര്‍ ഒരുപക്ഷേ ഞെട്ടലിലായിരിക്കാം. അവര്‍ വിഷം കഴിച്ചിരുന്നു.

ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ദ്വാരക പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി ആര്‍ ഗാദ്വി പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week