തിരുവനന്തപുരം: കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾക്ക് അന്തിമരൂപമായി. അഞ്ചുവർഷം വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നവരെ വീണ്ടും പരിഗണിക്കില്ല. രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നടത്തിയ ചർച്ചയിലാണ് ധാരണയായത്.
നേരത്തേ നിശ്ചയിച്ചതുപോലെ 15 ജനറൽ സെക്രട്ടറിമാരും മൂന്ന് വൈസ് പ്രസിഡന്റുമാരുമുണ്ടാകും. എക്സിക്യുട്ടീവ് അംഗങ്ങളടക്കം 51 പേരുൾപ്പെടുന്ന സമിതിയാകും വരിക. സ്ഥാനമൊഴിഞ്ഞ 14 ഡി.സി.സി. പ്രസിഡന്റുമാരെ നേരിട്ട് കെ.പി.സി.സി.യുടെ പ്രധാന ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല. അവരെ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തും. എം.പി.മാർ, എം.എൽ.എ.മാർ എന്നിവർക്കും ഭാരവാഹിത്വമുണ്ടാകില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ഭാരവാഹിത്വത്തിന് വിലക്കില്ല. യുവാക്കൾക്കും വനിതകൾക്കും മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ടാകും. എന്നാൽ, പ്രായനിബന്ധന നിർബന്ധമാക്കില്ല.ഭാരവാഹികളെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെയും രമേശിന്റെയും നിർദേശം പരിഗണിക്കും. തുടർ ചർച്ചകളുമുണ്ടാവും.