തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ കടകളിൽ എത്താൻ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധം. ആർടിപിസിആർ സർട്ടിഫിക്കറ്റോ വാക്സീൻ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സീൻ സർട്ടിഫിക്കറ്റ്, കൊവിഡില്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ
സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സീൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്.
സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആര്‍) പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.
പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്ബത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്.
ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്.എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ.
അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം. സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്റുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.
ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കോവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പോസിറ്റീവ് ആയാല്‍ അവിടെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.