അഞ്ചു യുവാക്കൾ വേട്ടനായ്ക്കളോടൊപ്പം, പാലക്കാട്ട് നായാട്ട് സംഘത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്:കാഞ്ഞിരപ്പുഴയില്‍ നായാട്ട് സംഘമെന്ന് സംശയിയ്ക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത്. കാഞ്ഞിരപ്പുഴയിലെ വിവിധ കടകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച സിസിടിവി യിലാണ് നായാട്ട് സംഘമെന്ന് സംശയിക്കുന്ന സംഘം സഞ്ചരിയ്ക്കുന്നതിന്‍്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

അഞ്ചു യുവാക്കള്‍ നായകളുമായി സഞ്ചരിയ്ക്കുന്നതാണ് ദൃശ്യം. ഇവരുടെ കൈയ്യില്‍ ആയുധങ്ങളും കാണാം. ഈ മേഖലയിലുള്ളവര്‍ തന്നെ സമീപത്തെ വനത്തിലേക്ക് നായാട്ടിനായി പോവുന്നതെന്നാണ് സൂചന.ജൂലൈ 25 ന് രാത്രി പത്തുമണിയോടെയാണ് ഈ ദൃശ്യങ്ങള്‍ സിസിടിവി യില്‍ പതിഞ്ഞിട്ടുള്ളത്

സംഭവത്തെ തുടര്‍ന്ന് വനം വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തെ നായാട്ട് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ശിരുവാണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ.

ഇവിടെ മാന്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങള്‍ നേരത്തേയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ വേട്ടയാടാന്‍ പോവുന്ന സംഘമാണ് സിസിടിവി യില്‍ പതിഞ്ഞതെന്ന് കരുതുന്നു.

എന്നാല്‍ ദ്യശ്യങ്ങളിലുള്ളത് നായാട്ട് സംഘം തന്നെയാണോ എന്നത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മണ്ണാര്‍ക്കാട് സി ഐ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്ന് വനം വകുപ്പും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News