ന്യൂഡൽഹി: കാർഗിൽ-ലഡാക്ക് സ്വയംഭരണ ഹിൽകൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് തകർപ്പൻ ജയം. 26 സീറ്റുകളിൽനടന്ന തിരഞ്ഞെടുപ്പിൽ 25 ഇടത്ത് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാഷണൽ കോൺഫറൻസ് 12-ഉം കോൺഗ്രസ് ഒമ്പതും സീറ്റുകൾ നേടി.
ബി.ജെ.പി.ക്ക് രണ്ടും സ്വതന്ത്രർക്ക് രണ്ടും ലഭിച്ചു. 2019-ൽ അനുച്ഛേദം 370 റദ്ദാക്കുകയും കശ്മീരും ലഡാക്കും വിഭജിക്കുകയും ചെയ്തശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുണ്ടായത് ദയനീയ തിരിച്ചടി. 26 സീറ്റുകളിലേക്ക് 85 സ്ഥാനാർഥികളാണ് മത്സരിച്ചത്.
അനുച്ഛേദം റദ്ദാക്കിയതിനും ജമ്മുകശ്മീർ വിഭജിച്ചതിനും എതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. ദേശീയമാധ്യമങ്ങൾ തമസ്കരിച്ചാലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് തിരഞ്ഞെടുപ്പുഫലമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.