EntertainmentKeralaNews

‘സിനിമയിൽ ഞാൻ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർഥിച്ചത് അമ്മ, അടുത്ത ജന്മത്തിലും ഇവരുടെ മകളാകണം’; നവ്യ

കൊച്ചി:വർഷം എത്ര കഴിഞ്ഞാലും നവ്യ നായർക്ക് മലയാളിയുടെ മനസിൽ ഒരു മുഖമുണ്ട്. നന്ദനത്തിലെ പച്ചപാവമായ നാട്ടിൻ പുറത്തുകാരി ബാലാമണിയുടേത് ആണത്. ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷക മനസ് കീഴടക്കാൻ നവ്യക്ക് സാധിച്ചു. നന്ദനം, ഇഷ്‌ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങൾ അതിന് ഉദാഹരണമാണ്. കലാതിലകപട്ടം നേടി സിനിമയിലെത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നവ്യ.

റിയാലിറ്റി ഷോ, ഇൻസ്റ്റഗ്രാം റീലിസ് കാലങ്ങൾക്കും മുമ്പ് സിനിമയിലേക്ക് പ്രതിഭകൾ എത്തിയത് കലോത്സവ വേദികളിലൂടെയായിരുന്നു. അത് മാത്രമായിരുന്നു അക്കാലങ്ങളിൽ പ്രതിഭ തെളിയിക്കാൻ സാധിച്ചിരുന്ന വേദിയും. നവ്യ നായരുടെ യഥാർഥ പേര് വി. ധന്യ എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് അത് നവ്യ നായരായി മാറിയത്. ഹരിപ്പാടാണ് നവ്യയുടെ സ്വദേശം. മലയാളത്തിന് പുറമെ തമിഴ്, കന്നട സിനിമകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്.

Navya Nair

വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. പിന്നേയും ഇടവേളയിൽ പ്രവേശിച്ച താരം ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഒരുത്തീയിൽ നായികാവേഷം ചെയ്താണ് മടങ്ങിയെത്തിയത്. അഭിനയം മാത്രമല്ല ചെറുപ്പം മുതൽ ഒപ്പമുള്ള നൃത്തത്തിലും നവ്യ സജീവമാണ്.

വിവാഹത്തോടെ വീട്ടിലൊതുങ്ങുന്ന നടിമാരുടെ എണ്ണം വർധിച്ച് വരുമ്പോഴാണ് പഴയതിനേക്കാൾ പതിന്മടങ്ങ് ശക്തിയോടെ നവ്യ തിരികെ നല്ല സിനിമകൾ ചെയ്യുന്നത്. വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവുമുള്ള നടി കൂടിയാണ് നവ്യ നായർ.

പൊതുവെ സമൂഹ്യ വിഷയങ്ങളിൽ ഇടപെട്ടോ സിനിമയിലെ അനുഭവങ്ങൾ വെട്ടി തുറന്ന് പറയാനും വലിയ നടന്മാർ പോലും ഭയക്കുന്ന കാലത്ത് മുഖം നോക്കാതെ സംസാരിക്കുന്ന ഒരാൾ കൂടിയാണ് നവ്യ നായർ. സിനിമകളിൽ മാത്രമല്ല മിനി സ്ക്രീനിലും സജീവമാണ് നവ്യ നായർ. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയുടെ മെന്റർ കൂടിയാണ് നവ്യ നായർ.

റിമി ടോമി, മുകേഷ് എന്നിവരാണ് നവ്യയ്ക്കൊപ്പം പരിപാടിയിൽ മെന്ററായുള്ള മറ്റ് രണ്ട് സെലിബ്രിറ്റകൾ. ഇപ്പോഴിത നവ്യയുടെ അമ്മ കിടിലം വേദിയിൽ സർപ്രൈസ് അതിഥിയായി വന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

അമ്മയെ അപ്രതീക്ഷിതമായി കണ്ടതിന്റെ എല്ലാ എക്സൈറ്റ്മെന്റും നവ്യയുടെ മുഖത്ത് കാണാം. വേ​ദിയിൽ വെച്ച് സംസാരിക്കവെ അമ്മയെ കുറിച്ച് നവ്യ പറഞ്ഞ കാര്യങ്ങളും വൈറലാണ്. സിനിമയിൽ താൻ അഭിനയിക്കാതിരിക്കാൻ ഏറ്റവും കൂടുതൽ പ്രാർഥിച്ചത് അമ്മയാണെന്നാണ് നവ്യ പറയുന്നത്. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇവരുടെ മകളായി തന്നെ ജനിക്കാനാണ് ആ​ഗ്രഹമെന്നും നവ്യ വേദിയിൽ വെച്ച് പറഞ്ഞു.

നവ്യ നല്ല സ്നേഹമുള്ള കുട്ടിയാണെന്ന് താരത്തിന്റെ അമ്മയും പറയുന്നുണ്ട്. പുതിയ വീഡിയോ വൈറലായതോടെ അമ്മയുടെ സിറോസ് കോപ്പിയാണ് നവ്യയെന്നും കമന്റുകൾ വന്നു. വിവാഹശേഷം മുംബൈയിലാണ് നവ്യയുടെ താമസം. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകൾ കൂടിയതോടെ നവ്യ കേരളത്തിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പന്ത്രണ്ട് വയസുള്ള മകനും നവ്യയ്ക്കുണ്ട്.

നവ്യയ്ക്ക് എല്ലാത്തിനും സപ്പോർട്ടും മകൻ സായ് തന്നെയാണ്. നവ്യയുടെ ഏറ്റവും പുതിയ റിലീസ് ജാനകി ജാനേ എന്ന സിനിമയാണ്. സൈജു കുറുപ്പാണ് ചിത്രത്തിൽ നായകൻ. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ നിറഞ്ഞ് ഓടുകയാണ്. പ്രസ്സ് ജീവനക്കാരിയായ ജാനകിയുടേയും സബ്ബ് കോൺട്രാക്ടർ ഉണ്ണി മുകുന്ദന്റേയും കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഷറഫുദ്ദീൻ, ജോണി ആന്റണി, കോട്ടയം നസീർ, അനാർക്കലി, ജയിംസ് ഏല്യാ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, സതി പ്രേംജി, അൻവർ ഷെരീഫ്, വിദ്യാ വിജയകുമാർ എന്നിവരും ചിത്രത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button