ന്യൂഡല്‍ഹി: ഫാസ്ടാഗ് സംവിധാനം എര്‍പ്പെടുത്തിയിട്ടും രാജ്യത്തെ ടോള്‍ പ്ലാസകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിച്ച് ദേശീയ പാതാ അതോറിറ്റി. പണം നേരിട്ട് സ്വീകരിച്ച് വാഹനങ്ങളെ കടത്തിവിടാന്‍ ടോള്‍ പ്ലാസാ അധികൃതര്‍ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണം എന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോള്‍ പ്ലാസാ ചട്ടങ്ങള്‍ പുതുക്കാനുള്ള തീരുമാനം.
ടോള്‍ പ്ലാസകളില്‍ വാഹന നിര 100 മീറ്ററിലധികം നീണ്ടാല്‍ ആ പരിധിക്കുള്ളിലെത്തുന്നതുവരെ ടോള്‍ ഈടാക്കാതെ വാഹനങ്ങള്‍ കടത്തി വിടും. 10 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു വാഹനം ടോള്‍ പ്ലാസയിലുണ്ടാകരുതെന്നത് യാഥാര്‍ത്ഥ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി.
100 മീറ്റര്‍ പരിധി ഉറപ്പാക്കാന്‍ ഓരോ ടോള്‍ ലൈനിലും മഞ്ഞ നിറത്തില്‍ വരകളുണ്ടാവും. ഈ പരിധിക്ക് പുറത്ത് വഹനം എത്തിയാല്‍ സൗജന്യമായി യാത്രക്കരെ ടോള്‍ പ്ലാസ കടത്തിവിടാന്‍ അനുവദിക്കണം. ഉത്തരവാദിത്തത്തോടെയുളള പെരുമാറ്റം ടോള്‍ ബൂത്ത് ജീവനക്കാരില്‍ നിന്നുണ്ടാകണം എന്നു ദേശീയപാതാ അതോറിറ്റിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പാക്കിയതിന്റെ ലക്ഷ്യം 10 സെക്കന്‍ഡിലധികം ഒരു വാഹനത്തിന് ടോള്‍ പ്ലാസയില്‍ ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നതാണ്. തിരക്കെറിയ സമയത്താണെങ്കില്‍ പോലും ഈ സമയത്തിനുപരി വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസയിലെ ക്യൂവില്‍ കുടുങ്ങി കിടക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നതാണ് വ്യവസ്ഥ. പക്ഷേ ഫസ്ടാഗ് നടപ്പാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ലക്ഷ്യം നേടാന്‍ സാധിച്ചിട്ടില്ല എന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ വിലയിരുത്തല്‍.