29.1 C
Kottayam
Friday, May 3, 2024

കൈറ്റ് വിക്ടേഴ്‌സ് ചാനൽ ഒരുക്കിയ ‘ഫസ്റ്റ്ബെൽ’ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ദേശീയ പുരസ്ക്കാരം

Must read

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനൽ ഒരുക്കിയ ‘ഫസ്റ്റ്ബെൽ’ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു. ഓൺലൈൻ പഠനത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചർ ആന്‍ഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന് ‍ (കൈറ്റ്) ‘ഡിജിറ്റല്‍ ടെക്നോളജി സഭ അവാര്‍ഡ് 2021’ലഭിച്ചത്. സര്‍ക്കാർ മേഖലയില്‍ രാജ്യത്തെ മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍സ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് കൈറ്റിന്റെ ഫസ്റ്റ്ബെല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു. പ്രീ-പ്രൈമറി മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്കായി പൊതുവിഭാഗത്തിലും തമിഴ്, കന്നഡ മീഡിയത്തിലുമായി 6500 ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സിലൂടെയും മറ്റും സംപ്രേഷണം ചെയ്തതോടൊപ്പം എല്ലാ ക്ലാസുകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയ സംവിധാനമാണ് ‘ഫസ്റ്റ്ബെല്‍’‍ പ്ലാറ്റ്ഫോം‍ (firstbell.kite.kerala.gov.in). പൊതുക്ലാസുകള്‍ക്ക് പുറമെ റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്കായി സൈന്‍ അഡാപ്റ്റഡ് ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കേരളം നടത്തിയ സമാനതകളില്ലാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ പങ്കാളികളായ കൈറ്റ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ എന്നിവരെയും ഈ പ്ലാറ്റ്ഫോം ഫലപ്രദമായി വിനിയോഗിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മന്ത്രി സി. രവീന്ദ്രനാഥ്‌ അഭിനന്ദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week