അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കുമെന്ന് നാസ; പസഫിക് സമുദ്രത്തിലിറക്കാന്‍ പദ്ധതി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് നാസ. 2031ല്‍ പസഫിക് സമുദ്രത്തിന്റെ നെമോ എന്നറിയപ്പെടുന്ന വിദൂര ഭാഗത്തായി പ്രവര്‍ത്തനരഹിതമായ ഐഎസ്എസിനെ നിക്ഷേപിക്കാനാണ് നീക്കം. കഴിഞ്ഞ ഇരുപത് വര്‍ഷമായി സെക്കന്‍ഡില്‍ എട്ട് കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ വലം വയ്ക്കുകയാണ് ബഹിരാകാശ നിലയം. 19 രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലധികം ബഹിരാകാശ യാത്രികര്‍ നിലയത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഭൂമിക്ക് മുകളില്‍ ഇതുവരെ 227 നോട്ടിക്കല്‍ മൈല്‍ ഐഎസ്എസ് സഞ്ചരിച്ച് കഴിഞ്ഞു.
1984ല്‍ യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഗവേഷണങ്ങള്‍ക്കും മറ്റുമായി ബഹിരാകാശത്ത് ഒരു സ്ഥിരമായ പരീക്ഷണ കേന്ദ്രം വേണമെന്ന ഈ ആശയം മുന്‍നിര്‍ത്തി 1998ല്‍ ബഹിരാകാശ നിലയത്തിന്റെ ആദ്യ നിര്‍മിതി, കണ്‍ട്രോള്‍ മോഡ്യൂള്‍ റഷ്യന്‍ റോക്കറ്റ് വഴി സ്ഥാപിച്ചു.
രണ്ടാഴ്ചയ്ക്ക് ശേഷം ഇതിനോട് യൂണിറ്റി നോഡും കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ രണ്ട് വര്‍ഷത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2000 നവംബറില്‍ നിലയത്തിലേക്ക് ആദ്യ ഗവേഷകസംഘമെത്തി. ഭൂമിയില്‍ പത്ത് ലക്ഷം പൗണ്ടിലധികമാണ് ബഹിരാകാശ നിലയത്തിന്റെ തൂക്കം. അമേരിക്കന്‍ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ അത്ര വലിപ്പമുള്ള നിലയത്തില്‍ ഒരേ സമയം ആറ് പേര്‍ക്ക് യാത്ര ചെയ്യാം.
യുഎസ്, റഷ്യ, ജപ്പാന്‍, യൂറോപ്പ് എന്നീ രാജ്യങ്ങളുടെ പരീക്ഷണശാലകള്‍ നിലയത്തിനുള്ളിലുണ്ട്. നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ കൂടുതലായി വന്നു തുടങ്ങും എന്നാണ് വിലയിരുത്തല്‍. നാസയുടെ തന്നെ സഹായത്തോടെ ഇത്തരം സ്പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് നാസ വാണിജ്യ ബഹിരാകാശ ഡയറക്ടര്‍ ഫില്‍ മക് ലിസ്റ്ററും അറിയിച്ചിട്ടുണ്ട്.