തിരുവനന്തപുരം:സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയ്ക്കെതിരെ പാളയം ഇമാം. പാല ബിഷപ്പിന്‍റെ പ്രസ്താവന മത സൗഹാർദത്തെ മുറിവേല്പിക്കുന്നതാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി കുറ്റപ്പെടുത്തി.
മതസൗഹാർദത്തിന് കാവല്‍ക്കാരനാകേണ്ട ബിഷപ്പ് ഒരു സമുദായത്തെ പൈശാചികവത്കരിച്ച് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയത് ശരിയായില്ല. ഇസ്ലാം ഭീതി ശക്തിപ്പെടുത്താനും മതവിഭാഗങ്ങള്‍ക്കിടയിലുള്ള പര്സപര വിശ്വാസം തകരാനും ഇത്തരം പ്രസ്താവനകള്‍ കാരണമാകും.
പ്രലോഭനങ്ങളിലൂടെ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട യാതൊരു നിര്‍ബന്ധിതാവസ്ഥയും ഒരു സമുദായത്തിനുമില്ല. ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിലിരുന്ന് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ ബിഷപ്പ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൌലവി ആവശ്യപ്പെട്ടു.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധവുമായി മുസ്ലീം കോർഡിനേഷൻ കമ്മിറ്റി. ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്. ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഇത് മറികടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.
സംസ്ഥാനത്ത് ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നൽകി വശീകരിക്കുന്ന നാർക്കോട്ടിക് ജിഹാദും സജീവമാണെന്നും. ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതിനാൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമുള്ള ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം വ്യാപകമാവുകയാണ്. പി.ഡി.പിയും ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി.
ബിഷപ്പിന്റെ പ്രസ്താവന സാമുദായിക ഐക്യം തകർക്കുമെന്നും മതേതര സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നും കാണിച്ച് മുസ്ലീം ഐക്യവേദി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിലും പോലീസിൽ പരാതി നൽകുന്നതുൾപ്പെടെയുള്ള നിയമനടപടികളുമായി മുസ്ലീം സംഘടനകൾ രംഗത്തുണ്ട്.
അതേസമയം ബിഷപ്പിനെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തുണ്ട്. സത്യം വിളിച്ചുപറയുന്ന ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നിലപാട്