NationalNews

രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. 30 ദിവസം പരോൾ നൽകാൻ തീരുമാനിച്ചതായി തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോൾ ലഭിക്കുന്നത്.

അമ്മയുടെ ആരോഗ്യനില പരിഗണിച്ചാണ് നളിനിക്ക് സർക്കാർ പരോൾ അനുവദിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോളിന് അനുമതി തേടി നളിനി ആഴ്ചകൾക്ക് മുൻപ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല. പിന്നീട് നളിനിയുടെ അമ്മ പത്മ തന്നെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിവേദനം നൽകി. അതിലും തീരുമാനമുണ്ടായില്ല. തുടർന്ന് തന്റെ ആരോഗ്യ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പത്മ മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യുകയായിരുന്നു.

നളിനിയുടെ പരോൾ സംബന്ധിച്ച തീരുമാനം ആലോചനയിലുണ്ട് എന്നായിരുന്നു ഹർജി ആദ്യം പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചത്. ഇന്ന് വീണ്ടും കേസ് എടുത്തപ്പോൾ പരോൾ നൽകാനുള്ള സർക്കാർ തീരുമാനം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചില ബന്ധുക്കളുമായി ജയിലിൽ നിന്ന് വീഡിയോ കോൾ ചെയ്യാനുള്ള അനുമതി നളിനിയ്ക്ക് കോടതി നേരത്തേ നൽകിയിരുന്നു. 2016ൽ ആണ് നളിനി ആദ്യമായി പരോളിൽ ഇറങ്ങിയത്. അന്ന് അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ മാത്രം പുറത്തിറങ്ങി. പിന്നീട് മകൾ ഹരിത്രയുടെ വിവാഹത്തിനായി 2019 ജൂലൈ 25 മുതൽ 51 ദിവസം നളിക്ക് പരോൾ ലഭിച്ചു.

രാജീവ്ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട നളിനിയും പേരറിവാളനും ഉൾപ്പെടെ ഏഴ് പേർ മുപ്പത് വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. ഏഴ് പേരെയും വിട്ടയക്കാൻ രണ്ട് വർഷം മുൻപ് തമിഴ്നാട് സർക്കാർ തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തീരുമാനം വൈകിപ്പിച്ച അന്നത്തെ ഗവർണർ ബൻവാരിലാൽ പുരോഹിത് പിന്നീട് ഫയൽ രാഷ്ട്രപതിക്ക് അയച്ചു.മാനുഷിക പരിഗണന നൽകി ഏഴ് പേരെയും വിട്ടയക്കണം എന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button