എന്റെ ലിപ്സ്റ്റിക് ഫഹദ് സാറിന്റെ ഷര്‍ട്ടില്‍ പറ്റി, പല തവണ ഷര്‍ട്ട് മാറേണ്ടി വന്നു; മാമന്നനില്‍ ഫഹദിന്റെ നായികയായതിനെ കുറിച്ച് രവീണ
കൊച്ചി:പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ രവി. രവീണ നയന്‍താര അടക്കമുള്ള നടിമാര്‍ക്ക് ശബ്ദം നല്‍കുക മാത്രമല്ല, ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്. ഏറ്റവും ഒടുവില്‍ ചെയ്ത മാമന്നന്‍ എന്ന ചിത്രത്തിലെ വേഷത്തിന് പ്രശംസകള്‍ കിട്ടുന്ന സന്തോഷത്തിലാണ് രവീണ. ഇത്രയധികം പ്രശംസ കിട്ടുമെന്നും വൈറലാവുമെന്നും ഒരിക്കലും കരുതിയില്ല എന്ന് നടി പറയുന്നു.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിട്ടും അഭിനയിച്ച കഥാപാത്രത്തിന് ഒരു ഡയലോഗ് പോലും ഉണ്ടായിരുന്നില്ല. മാമന്നനില്‍ ഒരു റോളുണ്ട് എന്നു പറഞ്ഞു വിളിച്ചപ്പോള്‍ തന്നെ ഡയലോഗ് ഇല്ല എന്ന കാര്യം സംവിധായകന്‍ പറഞ്ഞിരുന്നു. പക്ഷെ എന്ത്, എങ്ങനെയായാലും പ്രശ്‌നമില്ല, ഫഹദ് സാറിന്റെ നായികയാണല്ലോ എന്നതായിരുന്നു എന്റെ സന്തോഷം എന്ന് രവീണ പറയുന്നു.
കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഫ. വളരെ കൂള്‍, ആന്റ് ഡൗണ്‍ ടു എര്‍ത്ത്. അഭിനയം കണ്ടു നില്‍ക്കാന്‍ തോന്നും. നമ്മളെ വളരെ കൂളാക്കിയതിന് ശേഷമാണ് അഭിനയിക്കുന്നത്. ഫഹദ് സാറിന്റെ അച്ഛന്‍ ഫാസില്‍ സാറിന്റെ ഒരുപാട് സിനിമകളില്‍ എന്റെ അമ്മ വര്‍ക്ക് ചെയ്തിട്ടുണ്ട്. അക്കാര്യമെല്ലാം ഡയരക്ടര്‍ സാറിനോട് പറഞ്ഞത് ഫഹദ് സര്‍ തന്നെയാണ്.
ഞാനൊരു കടുത്ത ഫഹദ് ഫാസില്‍ ഫാന്‍ ആണ്, ആദ്യമായി അദ്ദേഹത്തെ കാണുന്നത് മാമന്നന്‍ സെറ്റിലാണ്. അപ്പോള്‍ തന്നെ സന്തോഷം കൊണ്ട് എന്റെ മുഖമെല്ലാം ബ്ലഷ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് സര്‍ കൂളാക്കി. എത്ര റീ ടേക്ക് പോയാലും ദേഷ്യം വരില്ല. ഒരു സീനില്‍ കെട്ടിപ്പിടിക്കുമ്പോള്‍ എന്റെ ലിപ്സ്റ്റിക് ഷര്‍ട്ടില്‍ ആവുന്നുണ്ട്. വെള്ള ഷര്‍ട്ട് ആണല്ലോ അദ്ദേഹത്തിന്റെ വേഷം. പല തവണ ഷര്‍ട്ട് മാറ്റേണ്ടി വന്നിട്ടും ദേഷ്യപ്പെട്ടില്ല.
വളരെ ചുരുങ്ങിയ സീന്‍ മാത്രമേ എന്റെ കഥാപാത്രത്തിനുള്ളൂ. പേരു പോലും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. പിന്നീട് എന്നെ കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ മാരി സര്‍, പേരിട്ടു. ഏതാനും ചില രംഗങ്ങളും ആഡ് ചെയ്തിരുന്നു. പക്ഷെ എഡിറ്റിങില്‍ അതെല്ലാം പോയി. എന്നാലും എനിക്ക് വിഷമം ഇല്ല, ഉള്ള കുറച്ച് സീന്‍ എങ്കിലും ആളുകള്‍ ഏറ്റെടുത്ത് വൈറലാക്കിയ സന്തോഷം മാത്രമേയുള്ളൂ – രവീണ പറഞ്ഞു.
ഷാരൂഖ് ഖാനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ രവീണ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണിന് തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്തത് രവീണയാണ്. ഗസ്റ്റ് റോളിലാണ് ദീപിക പദുക്കോണ്‍ എത്തുന്നത്, അവരൊരു അപാര നടിയാണെന്ന് രവീണ പറയുന്നു.