EntertainmentKeralaNews

‘എന്റെ നിറത്തിനെയാണ് പറയുന്നത്; പ്രായം നാൽ‍പതിലെത്തിയപ്പോഴാണ് എനിക്കാ ധൈര്യം വന്നത്’

കൊച്ചി:ടെലിവിഷൻ രം​ഗത്ത് പ്രവർത്തിക്കുന്ന നിരവധി നടിമാരുണ്ടെങ്കിലും ഇവരിൽ ചുരുക്കം പേർക്കേ കരിയറിൽ വളരാൻ സാധിച്ചിട്ടുള്ളൂ. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്. വീട്ടമ്മ മാത്രമായിരുന്ന മഞ്ജു ഇന്ന് സിനിമാ താരമാണ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് മഞ്ജുവിന്റെ ജീവിതത്തിൽ പിന്നീടുണ്ടായത്.

സിനിമകൾ, ബി​ഗ് ബോസ് മത്സരം. ടെലിവിഷൻ ഷോകൾ തുടങ്ങി ലൈം ലൈറ്റിൽ സജീവ സാന്നിധ്യമായി മഞ്ജു പത്രോസ് മാറി. സോഷ്യൽ മീഡിയയിൽ പലപ്പോഴും സൈബറാക്രമണങ്ങളും മഞ്ജു പത്രോസിന് നേരിടേണ്ടി വരാറുണ്ട്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി വന്നപ്പോഴാണ് ഇത്തരം ആക്രമണങ്ങൾ കടുത്തത്. ആദ്യം പകച്ച് പോയെങ്കിലും പിന്നീട് ഇവയെ നേരിടാൻ താരം പഠിച്ചു.

നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്. കറുപ്പ് നിറത്തിൽ ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കാനാണ് തന്റെ യൂട്യൂബ് ചാനലിന് ‘ബ്ലാക്കീസ്’ എന്ന പേര് നൽകിയതെന്ന് മഞ്ജു പത്രോസ് പറയുന്നു. ബിഹൈന്റ് വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘തെളിഞ്ഞും മറഞ്ഞുമൊക്കെ കറുപ്പിനെയും അമിത വണ്ണത്തെയും പരിഹസിക്കുന്നവരുണ്ട്. ഞാനെന്റെ ചെറുപ്പകാലത്ത് ഏറ്റവും കൂടതൽ കേട്ടിരിക്കുന്നത് അയ്യോ എന്നാണ്. എന്റെ നിറത്തിനെയാണാ പറയുന്നത്. പെൺകുട്ടികളാണ് നിറത്തിന്റെ പേരിൽ വിഷമിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്റെ ചില ഫോട്ടോകളുടെ അടിയിൽ എങ്ങനെ നിറം വെക്കും ചേച്ചീ എന്ന് പറയുന്നത് കാണാം. കറുപ്പ് നിറം മനോഹരമാണ്, അതിൽ ആത്മവിശ്വാസമുണ്ടെന്ന് പറയാൻ വേണ്ടിയാണ് ഞങ്ങൾ ‘ബ്ലാക്കീസ്’ എന്ന പേരിട്ടത്. അതിനെയും നെ​ഗറ്റീവായി ചിത്രീകരിക്കുന്നവരുണ്ട്,’ മഞ്ജു പറയുന്നു.

41 വയസ്സായ തനിക്ക് ഈ പ്രായത്തിലാണ് കൂടുതൽ ആത്മവിശ്വാസം വന്നതെന്നും മഞ്ജു വ്യക്തമാക്കി. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഇഷ്ടമില്ലെന്ന് പറയാൻ ധൈര്യം കിട്ടിയ പ്രായമാണിത്. ഒരുപക്ഷെ ഇത്രയും നാൾ ജീവിച്ചതിന്റെ വെളിച്ചത്തിലായിരിക്കാം അത്. ഓരോന്നിനെയും പേടിച്ച് ജീവിച്ചിട്ട് അവസാനം ഒന്നുമില്ല. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുള്ള പേടി.

Manju Pathrose

ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ പോലും പേടി. പിന്നെ കല്യാണം, ഭർത്താവിന്റെ വീട്ടുകാർ, നാട്ടുകാർ. പക്ഷെ നാൽപതിലെത്തിയപ്പോൾ എവിടെ നിന്നാണ് ഈ ധൈര്യം കിട്ടിയതെന്നറിയില്ല. ഞാനിങ്ങനെയാണ്. ഇങ്ങനെ പോവാനാണ് എനിക്കിഷ്ടം എന്ന് പറയാനുള്ള ധൈര്യം വന്നെന്ന് മഞ്ജു പത്രോസ് വ്യക്തമാക്കി.

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ മഞ്ജുവിന്റെ വാക്കുകളെ ആരാധകർ അഭിനന്ദിച്ചു. അടുത്തിടെയാണ് പൊതുവേദിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്ക് തക്കതായ മറുപടി നൽകി മഞ്ജു കൈയടി നേടിയത്. തൃശൂരിൽ കുടുംബശ്രീയുടെ പരിപാടിക്കെത്തിയതായിരുന്നു മഞ്ജു. വേദിയിലിരുന്ന വ്യക്തി സീരിയൽ താരത്തിനൊപ്പം വേദി പങ്കിടുന്നതിലെ അനിഷ്ടം തുറന്ന് പറഞ്ഞു. ഇത് കേട്ട മഞ്ജു അഭിനയം ഒരു തൊഴിൽ മേഖലയാണെന്നും ഞങ്ങൾ ചെയ്യുന്ന ജോലിയിൽ ആരും തല കുനിക്കേണ്ടതില്ലെന്നും മറുപടി നൽകി.

എനിക്ക് കൃഷി ഇഷ്ടമല്ല. എന്നുവെച്ച് ഒരു കർഷകൻ വേദിയിലിരിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് പറയാൻ പറ്റുമോയെന്നും മഞ്ജു ചോദിച്ചു. മഞ്ജുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. വ്യക്തിപരമായ ചോദ്യങ്ങളും ഇടയ്ക്ക് മഞ്ജുവിന് നേരെ വരാറുണ്ട്. മഞ്ജുവും ഭർത്താവ് സുനിച്ചനും അകൽച്ചയിലാണെന്ന് നാളുകളായി അഭ്യൂഹമുണ്ട്. ചില അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും തങ്ങൾ വേരിപിരിഞ്ഞിട്ടില്ലെന്ന് മഞ്ജു വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button