കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന് പിന്നാലെ കെ എസ് ഹംസയെ സസ്‌പെൻഡ് ചെയ്‌ത് ലീഗ്
മലപ്പുറം: കഴിഞ്ഞദിവസം കൊച്ചിയില്‍ച്ചേര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകസമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം നടത്തിയ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയ്‌ക്കെതിരെ നടപടി എടുത്ത് പാര്‍ട്ടി. അന്വേഷണ വിധേയമായി പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഹംസയെ നീക്കം ചെയ്തു. നിരന്തരം അച്ചടക്കലംഘനം നടത്തിയെന്ന ആരോപണത്തിലാണ് നടപടി.
‘സംഘടനയില്‍ നിരന്തരമായി അച്ചടക്കലംഘനം നടത്തിവരുന്ന സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍ നിന്നും അന്വേഷണ വിധേയമായി സംസ്ഥാ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു’ പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയിലൂടെയുള്ള മുസ്ലിം ലീഗ് അറിയിച്ചു.
കൊച്ചിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച രണ്ടു നേതാക്കളില്‍ ഒരാളാണ് കെ.എസ്.ഹംസ. എല്‍ഡിഎഫിനോട് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്നും പ്രവര്‍ത്തകര്‍ക്ക് ആശയകുഴപ്പമുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. കെ.എസ്.ഹംസ പ്രസംഗിക്കുന്നതിനിടെ കുഞ്ഞാലിക്കുട്ടി അനുകൂലികളായ നേതാക്കള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് യോഗത്തില്‍ നാടകീയത സൃഷ്ടിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിടെ കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കുഞ്ഞാലിക്കുട്ടി വിമര്‍ശനം മടുത്ത് രാജിക്കൊരുങ്ങിയെന്ന ആരോപണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞത്. യോഗത്തില്‍ വ്യക്തിപരമായ ഒരു വിമര്‍ശനവും ഉണ്ടായില്ല. ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ എല്ലാ അംഗങ്ങളും ആശയത്തിലൂന്നി അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയ്‌ക്കെതിരെ നടപടി എടുത്തുകൊണ്ടുള്ള അറിയിപ്പ് വന്നിരിക്കുന്നത്. ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെയും കെ.എസ്.ഹംസ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.