അംബാനിയുടെ വീടിന്റെ അഡ്രസ് ചോദിച്ച് കയ്യില്‍ ബാഗുമായി രണ്ട് പേര്‍! ‘ആന്റില’യ്ക്ക് സുരക്ഷ വര്‍ധിപ്പിച്ചു
മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിന് ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചു. അംബാനിയുടെ വീടായ ആന്റിലയെക്കുറിച്ച് രണ്ട് പേര്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
അംബാനിയുടെ വീടിന്റെ അഡ്രസ് ചോദിച്ച് രണ്ട് പേര്‍ സമീപിച്ചതായി ടാക്സി ഡ്രൈവര്‍ തങ്ങളെ അറിയിച്ചതായി പോലീസ് പറഞ്ഞു. അവരുടെ കയ്യില്‍ വലിയ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. 20 ജെലാറ്റിന്‍ സ്റ്റിക്കായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും പേര്‍ക്കുള്ള കത്തും വാഹനത്തിലുണ്ടായിരുന്നു.
മോഷ്ടിക്കപ്പെട്ട വാഹനമായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ ഉടമ കൊല്ലപ്പെട്ടതായും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിനു പിന്നാലെ ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു.