കൊവിഡ് പ്രതിരോധം,പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ വിവിധ ജമാ അത്ത് കമ്മിറ്റികളുടെ തീരുമാനം ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മസ്ജിദുകള്‍ ഉടന്‍ തുറക്കില്ലെന്ന നിലപാട് അറിയിച്ച് വിവിധ മുസ്ലീം ജമാ അത്ത് കമ്മിറ്റികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്ജിദും തുറക്കില്ല. എറണാകുളം ജില്ലയിലെ പള്ളികള്‍ തുടര്‍ന്നും അടിച്ചിടുമെന്ന് വിവിധ മുസ്ലീം ജമാഅത്തുകളുടെ യോഗത്തില്‍ തീരുമാനം. കോഴിക്കോട് മൊയ്തീന്‍ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും കോവിഡ് പശ്ചാത്തലത്തില്‍ തുറക്കില്ല.

മാര്‍ഗ നിര്‍ദേശം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടന്‍ തുറക്കാത്തതെന്നാണ് വിശദീകരണം. തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാല്‍ കണ്ണൂരിലെ അബ്റാര്‍ മസ്ജിദ് തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. നഗരത്തിലേക്ക് പലയിടങ്ങളില്‍ നിന്നും ആളുകളെത്തുന്നതിനാല്‍ ഇവരെ നിരീക്ഷിക്കാന്‍ പ്രയാസമാകും എന്നാണ് വിലയിരുത്തല്‍.

നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് മൊയ്തീന്‍ പള്ളി പരിപാലന സമിതി അറിയിച്ചിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എറണാകളം ജില്ലയില്‍ പള്ളി തുറക്കേണ്ടെന്ന് തീരുമാനിച്ചത്. നാടിന്റെ പൊതു നന്മയ്ക്കായി സമൂഹ പ്രാര്‍ഥന ത്യജിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തത്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News