ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ബജറ്റ് സമ്മേളനത്തിനായി ലോക്‌സഭയിൽ എത്തിയത് ആരവങ്ങൾക്കിടയിൽ. ഭാരത് ജോഡോ യാത്രക്ക് ശേഷമാണ് രാഹുൽ ലോക്‌സഭയിൽ എത്തിയത്. മുദ്രാവ്യം വിളികളോടെയാണ് കോൺഗ്രസ് അംഗങ്ങൾ രാഹുൽ ഗാന്ധിയെ സഭയിലേക്ക് സ്വാഗതം ചെയ്തത്.
രാഹുൽ സഭയിലെത്തുമ്പോൾ ബജറ്റ് പ്രസംഗം തുടങ്ങിയിരുന്നു. ഇതിനിടെയിലാണ് മുദ്രാവാക്യം വിളികളും ആരവങ്ങളും ഉയർന്നത്. എന്നാൽ ബജറ്റ് തൽസമയം കാട്ടിയ ലോക്‌സഭാ ടിവിയുടെ ക്യാമറകളൊന്നും രാഹുൽ ഗാന്ധിയുടെ വരവ് തൽസയം കാട്ടിയില്ല. അപ്പോഴും രാഹുലിന്റെ വരവ് സമയമുള്ള കൈയടിയും മുദ്രാവാക്യം വിളിയും ടിവിയിൽ ഉയർന്നു കേട്ടു. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിച്ചത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര 135 ദിവസം പിന്നിട്ട് കശ്മീരിലെത്തുകയായിരുന്നു.
രാഹുൽ ഗാന്ധി ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതിനിടയിലാണ് രാഹുൽ കോൺഗ്രസ് അംഗങ്ങളെ ആവേശത്തിലാക്കി സഭയിൽ എത്തിയത്. ഇന്നലെ വിമാനം റദ്ദാക്കിയതു കൊണ്ടു തന്നെ കാശ്മീരിൽ നിന്നുള്ള രാഹുലിന്റെ യാത്ര തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ രാഹുൽ സഭയിലെത്തുമോ എന്നതിൽ സംശയവും ഉയർന്നു. ഇതിനിടെയാണ് രാഹുൽ സഭയിലെത്തിയത്.
ജോഡോ യാത്രാ ലുക്കിലാണ് രാഹുൽ എത്തിയത്. പാർലന്റൈി കവാടത്തിൽ തന്നെ കോൺഗ്രസ് നേതാക്കൾ രാഹുലിനെ കാത്തു നിന്നു. കറുത്ത പാന്റ്‌സും വെള്ള ഷർട്ടുമായിരുന്നു രാഹുലിന്റെ വേഷം. താടിയെടുത്തിരുന്നില്ല. മുടിയും നീണ്ടു വളർന്നിരിക്കുന്നു. ജോഡോ…. ജോഡോ… ഭാരത് ജോഡോ ഇതായിരുന്നു രാഹുൽ എത്തിയപ്പോൾ ഉയർന്ന മുദ്രാവാക്യം. ലോക്‌സഭയിൽ വയനാട് എംപിയായിരുന്നു എല്ലാ അർത്ഥത്തിലും താരം.