24.7 C
Kottayam
Wednesday, May 22, 2024

സംസ്ഥാനത്തെ റോഡുകളില്‍ ഇന്നുമുതല്‍ കര്‍ശന വാഹന പരിശോധന; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

Must read

തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതല്‍ കര്‍ശന വാഹനപരിശോധന ആരംഭിക്കും. മോട്ടോര്‍ വാഹനവകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് വാഹനപരിശോധന നടത്തുന്നത്. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്‍മറ്റും കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റും ധരിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള പരിശോധനകളോടെയാണു തുടക്കം. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും നടപടി. ഇന്നു മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്, 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നി നിയമലംഘനങ്ങളാണ് പരിശോധിക്കുക.

20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നല്‍ ജംപിങ്ങും 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണു മറ്റു പരിശോധനകള്‍. അമിതവേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍ എന്നിവയ്ക്കു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇവര്‍ക്കു റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week