30 C
Kottayam
Friday, May 17, 2024

രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചതായി റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും. അതേസമയം റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുളളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനിടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ സഹായകമായ ഗുളികകള്‍ ശ്രീറാം കഴിച്ചതായും സംശയമുണ്ട്. അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒന്‍പതുമണിക്കൂര്‍ വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്.

സമയത്ത് രക്തപരിശോധന നടത്താതിരുന്നതിന് പുറമേ മദ്യലഹരിയിലായിരുന്നോ വാഹനം ഓടിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താതിരുന്നതും പോലീസിന്റെ വീഴചയായാണ് വിലയിരുത്തുന്നത്. ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രീറാമിന് പോലീസ് അനുവാദം നല്‍കിയതും വിവാദമായിരിന്നു. ഇത് അവസരമാക്കി രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം ഗുളികകള്‍ കഴിച്ചിരിക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അപകടം നടന്ന സമയത്ത് മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയത്.

അതേസമയം ശ്രീറാമിന്റെ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ റിമാന്‍ഡിലായിട്ട് 48 മണിക്കൂര്‍ പിന്നിടുന്ന സാഹചര്യത്തില്‍ ഇന്ന് ശ്രീറാമിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സര്‍വേ ഡയറക്ടറാണ് ശ്രീറാം. ശനിയാഴ്ച രാത്രിയാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week