ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാകില്ല; സ്വന്തം മകളെ അമ്മ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഈ നാട്ടില്‍ പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനാവില്ലെന്ന് വിലപിച്ച് അമ്മ സ്വന്തം മകളെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചു. ഉന്നാവോ പെണ്‍കുട്ടി ചികിത്സയിലായിരുന്ന ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. ഉന്നാവോ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയ സ്ത്രീയാണ് ആറുവയസുകാരിയായ സ്വന്തം മകളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവിടെ പെണ്‍കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് ഇവര്‍ കുട്ടിയുടെ ദേഹത്തേക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ പിടിച്ചുമാറ്റി. കുഞ്ഞിനെയും ഇവിടെനിന്നു മാറ്റി. ഇരുവരേയും പിന്നീട് സഫ്ദര്‍ജംഗ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍നിന്നും മാറ്റിയ ശേഷം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതിനിടെയായിരുന്നു പെണ്‍കുട്ടിയെ തീകൊളുത്താന്‍ ശ്രമം നടന്നത്. രാഷ്ട്രീയ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെയാണ് സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയത്. നൂറുകണക്കിന് അമ്മമാര്‍ കൈക്കുഞ്ഞുങ്ങളുമായാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News