പത്തനംതിട്ട: ഗുണ്ടാസംഘം രാത്രിയിൽ വീട്ടിൽകയറി പ്രായമായ സ്ത്രീയെ കമ്പിവടികൊണ്ട് അടിച്ചുകൊന്നു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിൽ ചാങ്കൂർ ഒഴുകുപാറ വടക്കേച്ചരുവിൽ സുജാതയെ(64) ആണ് ഞായറാഴ്ച രാത്രി 10.30-ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
സുജാതയുടെ രണ്ടുമക്കളും പോലീസിന്റെ ഗുണ്ടാലിസ്റ്റിൽപ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ അടിച്ചുകൊന്നത്. അക്രമികൾ വന്നപ്പോൾ രണ്ടുമക്കളും വീട്ടിൽ ഇല്ലായിരുന്നു. സുജാതയും മുമ്പ് മറ്റൊരുകേസിൽ പ്രതിയായിരുന്നു.
ഇരുപതോളം പേരാണ് വീടാക്രമിച്ചതെന്ന് അയൽവാസികൾ പറഞ്ഞു. വീട് അക്രമിസംഘം തല്ലിത്തകർത്തു. ഉപകരണങ്ങളെല്ലാം നശിപ്പിച്ച് കിണറ്റിലിട്ടു. വളർത്തുനായയെയും വെട്ടിപ്പരിക്കേൽപ്പിച്ചു.
തലയ്ക്ക് മാരകമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. അടിയേറ്റ് തലച്ചോർ കലങ്ങിപ്പോയി. വാരിയെല്ലും പൊട്ടി.
ശനിയാഴ്ച വൈകീട്ട് കുറുമ്പകര മുളയങ്കോട് ബന്ധുക്കൾ തമ്മിൽ വഴിത്തർക്കം ഉണ്ടായതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങുന്നത്. ഇതിൽ ഒരുപക്ഷത്തെ സഹായിക്കാൻ സുജാതയുടെ മക്കളായ സൂര്യലാൽ(24), ചന്ദ്രലാൽ(21) എന്നിവർ വളർത്തുനായയുമായി അവിടെച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വളർത്തുനായ നാലുവയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരെ കടിച്ചു. ഇതിന് പകരംവീട്ടാനാണ് ഞായറാഴ്ച രാത്രി, മറ്റൊരു സംഘം ഗുണ്ടകൾ സുജാതയുടെ വീടാക്രമിച്ചത്.
അടുക്കളവാതിൽ വെട്ടിപ്പൊളിച്ചാണ് സംഘം ഉള്ളിൽകയറിയത്. സുജാതയെ കൊലപ്പെടുത്തിയതിന്, കണ്ടാലറിയാവുന്ന പത്തുപേർക്കെതിരേ അടൂർ പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
മാരൂർ ചെമ്മണ്ണേറ്റ് സമീപവാസികളും ബന്ധുക്കളുമായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വഴിതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്ന സംശയത്തിലാണ് പോലീസ്. ഇതിൽ ഒരുവീട്ടിലേക്ക് പ്രധാന പാതയിൽനിന്ന് രണ്ട് അടി വീതിയുള്ള നടവഴി മാത്രമാണുള്ളത്.
ഈ വഴിയോട് ചേർന്നുള്ള സ്ഥലം രണ്ടാമത്തെയാൾ വാങ്ങി. ഇത് നിരപ്പാക്കുന്നതിന്റെ ഭാഗമായി നടവഴിയോട് ചേർന്നുള്ള ഭാഗം മണ്ണെടുത്ത് നിരപ്പാക്കിയശേഷം വഴിയുടെ വശം കെട്ടിക്കൊടുക്കാം എന്ന് വാക്കാൽ ഉടമ്പടി ഉണ്ടാകുകയും ചെയ്തായി പറയുന്നു. എന്നാൽ, സ്ഥലം നിരപ്പാക്കിയശേഷം വഴിയുടെ വശം കെട്ടിക്കൊടുക്കാൻ സ്ഥലം വാങ്ങിയ വീട്ടുകാർ തയ്യാറായില്ലെന്ന് പറയുന്നു. തുടർന്ന് ഈ സ്ഥലത്തെ പണി വഴിപ്രശ്നം നേരിടുന്ന വീട്ടുകാർ തടഞ്ഞു. ഇതിന്മേൽ ഇരുവീട്ടുകാരും തമ്മിൽ വലിയ തർക്കം നടന്നുവെന്ന് സമീപവാസികൾ പറയുന്നു.
തുടർന്നാണ് 18-ന് രാത്രി ഏഴ് മണിയോട് കൂടി സ്ഥലം വാങ്ങിയ ആളിന്റെ ബന്ധുവും സുഹൃത്തുക്കളായ ഒഴുകുപാറ സൂര്യലാൽ, സഹോദരൻ ചന്ദ്രലാൽ എന്നിവർ ചേർന്ന് വീട് കയറി ആക്രമണം നടത്തിയത്. ശിവരാത്രി ഉത്സവം നടക്കുന്നതിനാൽ സമീപപ്രദേശത്തുള്ളവർ ക്ഷേത്രത്തിലും മറ്റും ആയിരുന്നു.
തങ്ങളുടെ വളർത്തുനായയുമായെത്തി സഹോദരന്മാർ നടത്തിയ ആക്രമണത്തിൽ നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റതായി പറയുന്നു. ഇതിന്റെ പേരിൽ സൂര്യലാലിനനെതിരേയും ചന്ദ്രലാലിനെതിരേയും ഏനാത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ പ്രത്യാക്രമണമായിട്ടാവാം ഒരുസംഘം ആളുകൾ സൂര്യലാലിന്റെയും വീട്ടിൽ കയറി ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം.
ആദ്യം പട്ടിയെ കൊണ്ടുപോയി കടിപ്പിച്ചു. പ്രത്യാക്രമണത്തിനെത്തിയവർ അതേ പട്ടിയെ വെട്ടി പക തീർത്തു. ശനിയാഴ്ച മറ്റൊരു വീട്ടിൽ കയറി ആക്രമണം നടത്താൻ സൂര്യലാലും, ചന്ദ്രലാലും പോയത് തങ്ങളുടെ വളർത്തുനായയുമായാണ്. മുന്തിയ ഇനത്തിൽപ്പെട്ട ഈ നായ അവിടെ മൂന്നുപേരെ കടിച്ചു. പിറ്റേന്ന് പ്രത്യാക്രമണത്തിന് സൂര്യലാലിന്റെയും, ചന്ദ്രലാലിന്റെയും വീട്ടിലെത്തിയ എതിരാളികൾ, ഈ നായയെ വെട്ടുകയായിരുന്നു.
സുജാതയെ ആക്രമിക്കുന്നതുകണ്ട് കുരച്ചുകൊണ്ട് ചാടിയ നായയെ അക്രമിസംഘം ആദ്യം തുടലിൽ പിടിച്ചുകെട്ടി തല്ലി. ശേഷം സംഘാംഗങ്ങളിലൊരാൾ ഇതിന്റെ ഇടത്തെ മുൻകാലിന് വെട്ടി. മുന്തിയ ഇനത്തിൽപ്പെട്ട അഞ്ച് നായ്‌ക്കളാണ് സുജാതയുടെ വീട്ടിലുള്ളത്. സുജാത കൊല്ലപ്പെടുകയും മക്കൾ ഒളിവിൽപോകുകയും ചെയ്തതോടെ ഇവയെ നോക്കാൻ ആരുമില്ലാതായി. വെട്ടേറ്റ നായയും വേദനകൊണ്ട് പുളഞ്ഞ് കൂട്ടിലുണ്ട്.
സുജാതയുടെ കൊലപാതകത്തിൽ ഒരാൾ അടൂർ പോലീസിന്റെ കസ്റ്റഡിയിലായി. ഇളമണ്ണൂർ കുറുമ്പകര സ്വദേശിയാണ് പിടിയിലായത്. മൊത്തം 12 മുതൽ 15 വരെ പ്രതികൾ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ എന്ന് സംശയിക്കുന്ന എല്ലാവരും ഫോണുകൾ ഓഫ് ചെയ്തശേഷം ഒളിവിലാണ്. അടൂർ ഡിവൈ.എസ്.പി. ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ സി.ഐ. ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം .