കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്നു വയസുകാരിക്കുള്ള ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളില്‍ തിരിമറി നടത്തി പണം തട്ടിയെടുത്ത 55കാരിയും മകളും അറസ്റ്റില്‍. പാലാ സ്വദേശി എരൂരിലെ ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യന്‍ (55), മകള്‍ അനിത ടി.ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
സംഭവത്തില്‍ കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മകന്‍ അരുണ്‍ ജോസഫ് ഒളിവിലാണ്. രായമംഗലം സ്വദേശി മന്മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായ അക്കൗണ്ട് വിവരങ്ങളിലാണ് തിരിമറി നടത്തിയത്. ന്യൂറോ ഫൈബ്രോമെറ്റോസിസ് ബാധിച്ച കുട്ടിക്ക് ഒരു മാസം വലിയ തുകയാണ് ചികിത്സയ്ക്ക് വേണ്ടത്.
കുടുംബത്തിന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ചികിത്സയ്ക്കാവശ്യമായ ധനസമാഹരണത്തിനായി സാമൂഹിക മാദ്ധ്യമങ്ങളില്‍ ചിത്രം സഹിതം അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ അക്കൗണ്ട് വിവരങ്ങള്‍ തിരുത്തിയാണ് മറിയാമ്മയും മക്കളും പണം കൈക്കലാക്കിയത്.
പോസ്റ്റ് ഡൗണ്‍ ലോഡ് ചെയ്ത് മറിയാമ്മയുടെ ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ നമ്പറും ചേര്‍ത്ത് വിവിധ ഗ്രൂപ്പുകളില്‍ അയയ്ക്കുകയായിരുന്നു. അക്കൗണ്ട്, ഗൂഗിള്‍പേ നമ്പരുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്.
വന്‍ തുകയാണ് മറിയാമ്മയുടെ അക്കൗണ്ടില്‍ എത്തിയത്. ഇത് അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഒരു ലക്ഷത്തോളം രൂപ പിന്‍വലിച്ചിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അടുത്തിടെ നടന്ന പണമിടപാട് വിവരങ്ങള്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് സൂചന.
ഇയാളെ ഉടനെ പിടികൂടുമെന്ന് എറണാകുളം സെന്‍ട്രല്‍ അസി.കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു. അനിത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയാണ്. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലെ പ്രതിയാണ് മറിയാമ്മ. മകന്‍ അരുണ്‍ വ്യാജനോട്ട് കേസിലും അറസ്റ്റിലായിട്ടുണ്ട്.