KeralaNews

വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം, ശനിയും ഞായറും സമ്പൂര്‍ണ്ണ അടച്ചിടല്‍; വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും. 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ അറിയിച്ചു.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വാഹനഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം ജൂണ്‍ 11ന് തുറക്കാവുന്നതാണ്. മറ്റ് പ്രവര്‍ത്തനങ്ങളും വില്‍പനയും അനുവദിക്കില്ല.

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം നല്‍കും. അതത് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി നിദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അഭിഭാഷകരെയും അവിടത്തെ മറ്റ് ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്തും.

സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കും. വയോജനങ്ങളുടെ വാക്സിനേഷന്‍ കാര്യത്തില്‍ നല്ല പുരോഗതിയുണ്ട്. അവശേഷിക്കുന്നവര്‍ക്ക് കൂടി ഉടന്‍ കൊടുത്തു തീര്‍ക്കും. എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം മാത്രമേ ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ 9313 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,05,78,167 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1386, പാലക്കാട് 599, എറണാകുളം 925, തൃശൂര്‍ 919, മലപ്പുറം 883, കൊല്ലം 853, ആലപ്പുഴ 794, കോഴിക്കോട് 645, കോട്ടയം 438, കണ്ണൂര്‍ 401, ഇടുക്കി 218, കാസര്‍ഗോഡ് ,210 പത്തനംതിട്ട 186, വയനാട് 113 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം 6 വീതം, കൊല്ലം, കാസര്‍ഗോഡ് 4 വീതം, വയനാട് 3, തൃശൂര്‍, പാലക്കാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2275, കൊല്ലം 1603, പത്തനംതിട്ട 706, ആലപ്പുഴ 1535, കോട്ടയം 1009, ഇടുക്കി 904, എറണാകുളം 2546, തൃശൂര്‍ 1325, പാലക്കാട് 1550, മലപ്പുറം 5237, കോഴിക്കോട് 1508, വയനാട് 306, കണ്ണൂര്‍ 866, കാസര്‍ഗോഡ് 551 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,47,830 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,83,992 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button