കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ഗുരുതരമായ ആരോപണമുയർന്ന ആലുവ സി.ഐ. സുധീറിനെതിരേ കൂടുതൽ പരാതികൾ. ആലുവ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകാനെത്തിയ യുവതിയാണ് സി.ഐ.യിൽനിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. പരാതി നൽകിയിട്ടും സി.ഐ. മൊഴിയെടുക്കാനോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ലെന്നും മണിക്കൂറുകൾക്ക് ശേഷം വിരട്ടിയോടിച്ചെന്നും യുവതി പറഞ്ഞു.
‘ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സ്റ്റേഷനിൽ പരാതിയുമായി പോയത്. എന്നാൽ മൊഴിയെടുക്കാനോ പരാതിയിൽ കൂടുതൽ നടപടിയെടുക്കാനോ സി.ഐ. തയ്യാറായില്ല. മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തിയിട്ട് അവസാനം ഇറങ്ങിപ്പോകാനാണ് സി.ഐ. പറഞ്ഞത്. ഭീഷണിപ്പെടുത്തി സംസാരിച്ച്, വിരട്ടിയോടിക്കുകയായിരുന്നു. എടീ എന്നാണ് സി.ഐ. വിളിച്ചിരുന്നത്. പിന്നീട് ഞാൻ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അതിന്റെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതൊന്നും പറ്റില്ലെന്നായിരുന്നു സി.ഐ.യുടെ മറുപടി’- യുവതി വിശദീകരിച്ചു.
പിറ്റേദിവസം സ്റ്റേഷനിൽ പോയപ്പോൾ മൊഫിയ പർവീണിനെ കണ്ടതായും യുവതി പറഞ്ഞു. ‘ഏറെ വിഷമിച്ചാണ് ആ കുട്ടി സ്റ്റേഷനകത്തേക്ക് പോയത്. അതിനെക്കാളേറെ വിഷമത്തിലാണ് തിരിച്ചിറങ്ങിവന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അത്. ആ കുട്ടിയോടും പിതാവിനോടും വളരെ മോശമായാണ് പെരുമാറിയത്. ആ കുട്ടിയെയും സി.ഐ. ചീത്തവിളിച്ചിട്ടുണ്ടാകാം. ഞാൻ പുറത്തായതിനാൽ വ്യക്തമായി ഒന്നുംകേട്ടിരുന്നില്ല’-യുവതി പറഞ്ഞു. പരാതി നൽകാൻ പോയപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ഇവർ ആരോപിച്ചു. ഒരിക്കൽ വനിതാസെല്ലിൽ പരാതി നൽകാൻ പോയപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാതെ പറഞ്ഞയക്കുകയാണ് ചെയ്തതെന്നും ഇവർ പറഞ്ഞു.
മൊഫിയയുടെ ആത്മഹത്യയ്ക്ക് മുമ്പും സി.ഐ. സുധീറിനെതിരേ പലതരത്തിലുള്ള ആരോപണങ്ങളുയർന്നിരുന്നു. കൊല്ലം അഞ്ചൽ സി.ഐ.യായിരിക്കെ ഉത്ര വധക്കേസിലടക്കം ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നു.
ഉത്ര വധക്കേസിന്റെ പ്രാഥമികഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സി.ഐ. വീഴ്ചവരുത്തിയെന്നായിരുന്നു റൂറൽ എസ്.പി.യുടെ അന്വേഷണറിപ്പോർട്ട്. ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ചസംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിച്ച സംഭവത്തിലും സി.ഐ.ക്കെതിരേ പരാതിയുണ്ടായിരുന്നു. അഞ്ചൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളിയെ കൊണ്ട് സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഇത്രയധികം പരാതികളുയർന്നിട്ടും സുധീറിനെതിരേ വകുപ്പുതലത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് ആലുവ സ്റ്റേഷനിലേക്ക് മാറ്റംലഭിച്ചു. എന്നാൽ ആലുവയിലും ഈ ഉദ്യോഗസ്ഥനെതിരേ വ്യാപകമായ പരാതികളാണ് ഉയർന്നുവരുന്നത്.