കാലവർഷം 2–3 ദിവസത്തിനുള്ളിൽ കേരളത്തിലെത്തും; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
കാലവർഷം 2–3 ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കേരള തീരത്ത് കാർമേഘങ്ങളുടെ തോത് കൂടിവരുന്ന സാഹചര്യത്തിലാണ് കാലവർഷം പ്രവചിച്ചതിലും നേരത്തെയെത്തുമെന്നു പുതിയ കണക്കുകൂട്ടൽ. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യയുള്ളതിനാൽ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.
കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്. കാറ്റ് അനുകൂലമായാൽ വൈകാതെ കാലവർഷം എത്തുമെങ്കിലും അതു കഴിഞ്ഞു ദുർബലമാകാനും സാധ്യതയുണ്ട്.
തെക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലദ്വീപ് മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്കു കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത ഉണ്ട്.