28.4 C
Kottayam
Monday, April 29, 2024

കുരങ്ങിനെ വെടിവെച്ചു കൊന്നു; സംഘര്‍ഷ സാധ്യത, സുരക്ഷ ശക്തമാക്കി

Must read

ലക്‌നൗ: സഹോദരങ്ങള്‍ ചേര്‍ന്ന് കുരങ്ങിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയൊരുക്കി പോലീസ്. ഒരു യുവാവും ഇയാളുടെ രണ്ട് സഹോദരങ്ങളും ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. എന്നാല്‍ കുരങ്ങുകള്‍ ഹനുമാന്റെ പ്രതിരൂപമെന്ന ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് ഇതെന്ന പ്രചാരണം ഉണ്ടായി. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്.

ആസിഫ്, ഹഫീസ്, അനീസ് എന്നീ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. പുറത്ത് വെടിയേറ്റ കുരങ്ങന്‍ അധികം താമസിയാതെ തന്നെ ചത്തു. വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുരങ്ങന്റെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കുരങ്ങിനെ കൊന്ന വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വാര്‍ത്ത പ്രചരിച്ചതോടെ ഗ്രാമവാസികള്‍ ഒന്നടങ്കം രോഷാകുലരാവുകയും പ്രതിഷേധം ശക്തമാവുകയുമായിരുന്നു. കുരങ്ങനെ വെടിവച്ചവര്‍, മൃതശരീരത്തില്‍ പ്രകോപനം ഉളവാക്കുന്ന ചിഹ്നങ്ങളും പതിപ്പിച്ചുവെന്നാണ് ബജ്‌റംഗ്ദളിന്റെ ആരോപണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week