‘ആറാട്ട്’ ഇനി ഹൃദയം കവരും, തീയറ്ററുകളെ ഇളക്കിമറിയ്ക്കാൻ ലാൽ മാജിക്ക്
കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ തിയേറ്റർ റിലീസാകാൻ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എത്തുന്നു. കോവിഡ് പ്രതിസന്ധിയിലും ഈ മോഹൻലാൽ ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യും. 18ന് അല്ലെങ്കിൽ 25ന് ആറാട്ട് തിയേറ്ററിൽ എത്താനാണ് സാധ്യത. മോഹൻലാലിന്റെ മകൻ പ്രണവിന്റെ ഹൃദയം തിയേറ്ററുകളിൽ തരംഗമായിരുന്നു. ഉണ്ണി മുകുന്ദന്റെ മേപ്പടിയാനും വിജയിച്ചു. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ ചിത്രവും തിയേറ്ററിൽ എത്തുന്നത്. കേരളത്തിലെ എല്ലാ തിയേറ്ററിലും റിലീസ് ദിവസം ആറാട്ട് പ്രദർശിപ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം ഫിയോക് എടുത്തതായാണ് സൂചന.
ഹൃദയത്തിന് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം നിർമ്മാതാവിന് വിഹിതമായി ഒൻപത് കോടിയിൽ അധികം കിട്ടി. വിദേശത്ത് നിന്ന് ഒരു കോടിക്ക് അപ്പുറവും. അങ്ങനെ തിയേറ്ററിൽ നിന്ന് തന്നെ 11 കോടി നിർമ്മാതാവിന് കിട്ടി. ഇതിനൊപ്പം ഒടിടിയിൽ നിന്നും ഒൻപത് കോടിയും സാറ്റലൈറ്റിലൂടെ നാലു കോടിയും. ഏല്ലാം കൂടി 35 കോടിയുടെ വരവ് നിർമ്മാതാവ് ഉറപ്പിച്ചെന്നാണ് സിനിമാ ലോകത്തിന്റെ കണക്കു കൂട്ടൽ. അതായത് രണ്ടിരട്ടി ലാഭം ഹൃദയം സ്വന്തമാക്കി. ശ്രീനിവാസന്റെ മകൻ വിനീതും ലാലിന്റെ മകൻ പ്രണവും ചേർന്ന് മലയാള സിനിമയ്ക്ക് പുതിയ കരുത്ത് നൽകിയെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് മേപ്പടിയാന്റെ വിജയവും.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ സംരംഭമായ മേപ്പടിയാൻ കോവിഡ് കാലത്ത് നേടിയത് ഗംഭീര വിജയമാണ്. പുറത്തുവന്ന കളക്ഷൻ റിക്കോർഡും ഇക്കാര്യം വ്യക്തമാക്കുന്നു. ഫെബ്രുവരി 14-നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ട കണക്കുപ്രകാരം ഇതിനകം ചിത്രം 9.02 കോടി നേടിക്കഴിഞ്ഞു. 5.5 കോടി രൂപയാണ് ചിത്രത്തിനായി ചെലവായിട്ടുള്ളത്. പകുതിയിലേറെ ലാഭം നേടിയ മേപ്പടിയാനും സൂപ്പർഹിറ്റാകും.
ചിത്രത്തിലെ നായക വേഷം ഉണ്ണി മുകുന്ദനാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ജയകൃഷ്ണൻ എന്ന തനി നാട്ടുമ്ബുറത്തുകാരന്റെ ജീവിത പ്രാരാബ്ദങ്ങളെ വേറിട്ട ശൈലിയിൽ അവതരിപ്പിച്ച ഉണ്ണിമുകുന്ദന്റെ പ്രകടനവും പരക്കെ പ്രശംസ നേടിയിരുന്നു. കോവഡിന്റെ മൂന്നാം തരംഗത്തേയും ഈ ചിത്രം അതിജീവിച്ചു. ഒരു ഫാമലി ത്രില്ലർ മൂഡ്് പ്രേക്ഷകർക്ക് മേപ്പടിയാനും നൽകി. അതാണ് വിജയത്തിൽ നിർണ്ണായകമായത്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ ആറാട്ടും തിയേറ്ററിലെത്തുന്നത്. അറബിക്കടൽ മരയ്ക്കാറിന്റെ സിംഹം എന്ന ചിത്രത്തിന് തിയേറ്ററിൽ തിരിച്ചടി നേരിട്ടു. എന്നാൽ ബ്രോ ഡാഡിയുടെ ഒടിടി വിജയം മോഹൻലാലിന്റെ മൂല്യം കൂട്ടുകയും ചെയ്തു.
ആ സാഹചര്യത്തിലാണ് മോഹൻലാലിന്റെ അടിപൊളി വേഷമായ ആറാട്ടും തിയേറ്ററിലേക്ക് എത്തുന്നത്. കോവിഡ് മൂന്നാം തരംഗത്തെ മറികടക്കാൻ ലാൽ ചിത്രത്തിന് കഴിയുമെന്ന് ഫിയോക്കും കരുതുന്നു. അതുകൊണ്ട് തന്നെ അറബിക്കടലിന്റെ സിംഹത്തോട് കാട്ടിയ വിവാദ സമീപനം ഇവിടെ ഉണ്ടാകില്ല. ആറാട്ടിന് എല്ലാ സ്‌ക്രീനുകളും മാറ്റി വയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം. ഇതിനുള്ള നടപടികൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതിന് ശേഷം ഫെബ്രുവരിയിലെ റിലീസ് തീയതിയിൽ അന്തിമ തീരുമാനം ഉണ്ടാകും.
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ആറാട്ടിന്റെ ട്രെയ്ലറിനു മുൻപുള്ള പ്രൊമോ വീഡിയോ റിലീസ് ചെയ്തിരുന്നു. വില്ലൻ’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണിക്കൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ സമീർ മുഹമ്മദാണ്. രാഹുൽ രാജ് സംഗീതം നൽകും. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടിൽ’ മോഹൻലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി, എന്നിവരാണ് മറ്റു താരങ്ങൾ.