കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ റീജ. ബിന്ദുവാണ് മോഹന്‍ദാസിനെ ആക്രമിച്ചതെന്ന് റീജ ആരോപിച്ചു. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസും ബിന്ദു അമ്മിണിയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
കോഴിക്കോട് ബീച്ചില്‍ വച്ചായിരുന്നു സംഭവം. ബിന്ദുവിന്റെ പരാതിയില്‍ മോഹന്‍ദാസിനെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളിയാണ് അറസ്റ്റിലായ മോഹന്‍ദാസ്. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്.
ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദന ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മർദിച്ചയാളെ ബിന്ദു തിരിച്ചും മർദിക്കുന്നത് ദൃശ്യങ്ങൾ കാണാം.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകൾതന്നെ അപമാനിക്കുകയും അതിലൊരാൾ ആക്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകൾക്കുനേരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതിനിടെ തനിക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു. ‘ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാൻ രേഖപ്പെടുത്തുന്നു. സുപ്രിം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവൻ അക്രമികൾക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നു’.