KeralaNewsPolitics

അന്ധമായ സി.പി.എം വിരോധത്തിൽ ഉണ്ടുറങ്ങിയാൽ ഇനിയും വീടുകളിൽ അനിൽ ആന്റണിമാരുണ്ടാകും: റിയാസ്

തിരുവനന്തപുരം: അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധത്തില്‍ ഉണ്ടുറങ്ങി ജീവിച്ചാല്‍ സ്വന്തം വീടുകളില്‍ ഇനിയും അനില്‍ ആന്റണിമാരുണ്ടാകുമെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് റിയാസിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം.

ആരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതില്‍ സന്തോഷം കൊള്ളുന്നവരല്ല സിപിഎമ്മും ഇടതുപക്ഷവും. മതനിരപേക്ഷ ചേരി ദുര്‍ബലമാവരുത് എന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നീ പദവികളിലിരുന്ന വ്യക്തിയുമായ അനില്‍ ആന്റണി ബിജെപിയിലേക്ക് പോയ സംഭവത്തില്‍ കേരളത്തിലെയും അഖിലേന്ത്യാ തലത്തിലെയും കോണ്‍ഗ്രസ് നേതൃത്വം തങ്ങളുടെ സംഘടനയുടെ അവസ്ഥയെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പുനര്‍വിചിന്തനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, റിയാസ് പറഞ്ഞു.

ഈ വിഷയത്തില്‍ എ കെ ആന്റണിക്കുണ്ടായ വേദന അദ്ദേഹം പ്രകടിപ്പിച്ചു. ആന്റണിക്ക് മാത്രമല്ല മതനിരപേക്ഷ മനസ്സുകള്‍ക്കാകെ പ്രയാസം സൃഷ്ടിച്ച സംഭവമാണ് അനില്‍ ആന്റണിയുടെ ഈ കൂടുമാറ്റം. കോണ്‍ഗ്രസ് തുടര്‍ച്ചയായി സ്വീകരിക്കുന്ന അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളെ പോലും ബിജെപിയോട് അടുപ്പിക്കുന്നു എന്നത് കാണാതിരിക്കാനാകുമോ? കോണ്‍ഗ്രസിന്റെ താഴെ തട്ടുമുതല്‍ ഉന്നത നേതൃത്വം വരെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നില്ല എന്നുള്ളത് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

സംഘപരിവാറിനെതിരെ ഫലപ്രദമായ രീതിയില്‍ ആശയപ്രചാരണം സംഘടിപ്പിക്കാനോ സ്ഥായിയായ നിലപാടുകളെടുത്തു പോവാനോ കോണ്‍ഗ്രസിന് കഴിയുന്നില്ല. അധികാര രാഷ്ട്രീയത്തില്‍ എങ്ങനെയെങ്കിലും കടിച്ചുതൂങ്ങുക എന്നതിലപ്പുറം മറ്റൊരു ചിന്തയും നേതൃത്വത്തിനില്ല. അതുകൊണ്ടുതന്നെയാണ് പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും 180-ഓളം കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപിയിലേക്ക് പോയത്.

അനില്‍ ഒരു വ്യക്തിയാണ്. ആന്റണിയുടെ മകന്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് പ്രസ്തുത വ്യക്തി തനിനിറം കാട്ടിയത്. ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാറിന്റെ പങ്കിനെപ്പറ്റി മറിച്ചൊരു നിലപാടുള്ളയാള്‍ക്ക് എങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ കഴിഞ്ഞത്? ഇത്തരം മാനസികാവസ്ഥയുള്ള ഒരാളാണ് ഇത്രയും കാലം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനേയും എഐസിസി സോഷ്യല്‍ മീഡിയ സെല്ലിനേയുമൊക്കെ നയിച്ചത് എന്നോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ചെന്നെത്തിയ അവസ്ഥയോര്‍ത്ത് സഹതാപം തോന്നുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബിജെപിക്കെതിരെ നിലപാടെടുക്കാന്‍ മടിക്കുന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. മുഖ്യശത്രു ബിജെപിയല്ല, മറിച്ച് സിപിഐഎമ്മാണ് എന്ന സമീപനം അണികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്ന് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണം. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധത്തില്‍ മാത്രം ഉണ്ടുറങ്ങി ജീവിച്ചാല്‍ സ്വന്തം വീടുകളില്‍ നിന്ന് ഇനിയും അനില്‍ ആന്റണിമാരുണ്ടാവുമെന്ന് മാത്രം വിനീതമായി കോണ്‍ഗ്രസ്സിനെ ഓര്‍മ്മിപ്പിക്കട്ടെ, മന്ത്രി റിയാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker