കൊച്ചി: ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് സുഹൈലിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോഫിയയുടെ (Mofiya Parween) അച്ഛൻ. മോഫിയ പര്‍വീണിന് ഭര്‍ത്താവ് സുഹൈലിന്‍റെ വീട്ടില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂര പീഢനമാണെന്ന് അച്ഛൻ ദില്‍ഷാദ് കെ സലീം പറയുന്നു. ശരീരം മുഴുവന്‍ പച്ചകുത്താനാവശ്യപ്പെട്ട് സുഹൈൽ മോഫിയയെ മര്‍ദ്ദിച്ചു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നു. . കുട്ടി സഖാവും സിഐയും ചേർന്ന് കേസ് ഒതുക്കി തീർക്കാന് ശ്രമിച്ചെന്നും മോഫിയയുടെ അച്ഛൻ പറയുന്നു.
മര്‍ദ്ദനവും സുഹൈലിന്റെ ലൈഗിക വൈകൃതവും മൂലം വിവാഹം കഴിഞ്ഞ് രണ്ടരമാസത്തിനുള്ളില്‍ മോഫിയ തിരികെ വീട്ടിലേക്ക് പോന്നു. സുഹൈല്‍ പണം ആവശ്യപെട്ട് മോഫിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. സിനിമ നിര്‍മ്മിക്കാന്‍ മുപ്പത് ലക്ഷം രൂപ നല്‍കാത്തതിന് മോഫിയയുടെ കൈതിരിച്ച് ഒടിക്കാന്‍ ശ്രമിച്ചു. സ്റ്റേഷനിലെത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത് കുട്ടി സഖാവെന്ന് മോഫിയ വിളിക്കുന്നയാളാണെന്നും സലീം പറയുന്നു. കുട്ടിസഖാവും സിഐയും ചേര്‍ന്നാണ് പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്. സ്റ്റേഷനുള്ളില്‍ വെച്ച് മോഫിയ പൊട്ടികരഞ്ഞിട്ടും സിഐ അലിവ് കാട്ടിയില്ലെന്ന് പിതാവ് പറയുന്നു.
കുട്ടിസഖാവും സുഹൈലും ബന്ധുക്കളാണെന്നാണ് മോഫിയ പറഞ്ഞത്. സംഭവത്തിൽ കുട്ടിസഖാവിന്‍റെ പങ്കും അന്വേഷിക്കണമെന്ന് മോഫിയയുടെ അച്ഛൻ ആവശ്യപ്പെട്ടു. കേസ് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതി നിക്ഷേധിച്ച സിഐയെ സസ്പെന്‍റ് ചെയ്യണം. ചെയ്തില്ലെങ്കില്‍ ഏതറ്റംവരെയും പോകുമെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.
ആത്മഹത്യ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ
‘എന്‍റെ അവസാനത്തെ ആഗ്രഹം’
”ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞുണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസികരോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസിക പ്രശ്നം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല സുഹൈൽ. എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും.
അവസാനായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്‍റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും”